മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ദിവസങ്ങളായി തുടരുകയാണ്. കുതിരക്കച്ചവടത്തിനുള്ള സാധ്യതകള്‍ ഉള്ളതിനാല്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ എംഎല്‍എമാരെ ഹോട്ടലുകളിലേക്കും റിസോര്‍ട്ടുകളിലേക്കും മാറ്റിയിരിക്കുന്നു. എന്നാല്‍ റിസോര്‍ട്ട് രാഷ്ട്രീയത്തിന് വഴങ്ങാതെ പൊതുസമൂഹത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടരുന്ന മഹാരാഷ്ട്രയിലെ സിപിഎം എംഎല്‍എ വിനോദ് നിക്കോളെയെ കുറിച്ചാണ് സമൂഹമാധ്യമങ്ങളെല്ലാം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

പാല്‍ഘര്‍ ജില്ലയിലെ ദഹാനു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് 48 കാരനായ വിനോദ് നിക്കോളെ. ബിജെപിയുടെ സിറ്റിങ് എംഎല്‍എയായ പാസ്‌കല്‍ ധനാരെയെ 4,742 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് നിക്കോളെ സീറ്റു പിടിച്ചത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഏക സിപിഎം എംഎൽഎ കൂടിയാണ് നിക്കോളെ. എൻസിപിയും കോൺഗ്രസും ശിവസേനയും ബിജെപിയും തങ്ങളുടെ എംഎൽഎമാരെ റിസോർട്ടുകളിലാക്കി രാഷ്ട്രീയ കരുനീക്കങ്ങൾ തുടരുകയാണ്. എന്നാൽ, വിനോദ് നിക്കോളെ കർഷകർക്കായി തെരുവിലുണ്ട്. അതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

Read Also:  സ്‌പ്രേ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓൾ ഇന്ത്യ കിസാൻ സഭയുടെ ഭാഗമായുള്ള കർഷക മാർച്ചിൽ പങ്കെടുത്ത് സംസാരിക്കുന്ന വിനോദ് നിക്കോളെയുടെ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ദഹാനു എസ്‌ഡിഒ ഓഫീസിന് പുറത്ത് റോഡ് ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിയിലാണ് നിക്കോളെ പ്രസംഗിക്കുന്നത്. മഹാരാഷ്ട്രയിലെ സിപിഎമ്മാണ് നിക്കോളെയുടെ ചിത്രം പങ്കുവച്ചത്. പിന്നീട് സോഷ്യൽ മീഡിയ ഒന്നാകെ ചിത്രം ഏറ്റെടുത്തു.

കോൺഗ്രസും എൻസിപിയും ശിവസേനയും തങ്ങളുടെ എംഎൽഎമാരെ ഹോട്ടൽ മുറികളിൽ അടച്ചിടുമ്പോൾ സിപിഎം എംഎൽഎ കർഷകർക്കായി പ്രവർത്തിക്കുകയാണെന്നും കച്ചവടത്തിനു നിന്നുകൊടുക്കാത്ത എംഎൽഎയാണ് തങ്ങളുടേതെന്നും സിപിഎം അവകാശപ്പെടുന്നു.

Read Also: ബിജെപിക്ക് തിരിച്ചടി; മഹാരാഷ്‌ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടത്തണമെന്ന് സുപ്രീം കോടതി

എംഎൽഎയാകുന്നതിനു മുൻപ് ദഹാനുവിൽ വടാ പാവ് വിൽക്കുന്ന ജോലിയായിരുന്നു നിക്കോളെയ്ക്ക്. 2015 ലാണ് നിക്കോളെ സിപിഎമ്മിലെ സജീവ പ്രവർത്തകനായത്. സാമൂഹ്യപ്രവർത്തനങ്ങൾ ചെയ്തുകൊണ്ട് രാഷ്ട്രീയ ജീവിതം നയിക്കുന്ന നിക്കോളെയുടെ ആസ്‌തി വെറും 52,082 രൂപയാണ്.  മഹാരാഷ്ട്രയില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 288 എംഎല്‍എമാരില്‍ ഏറ്റവും ദരിദ്രനായ ജനപ്രതിനിധിയും വിനോദാണ്. നാസിക്കിൽ നിന്ന് മുംബൈയിലേക്ക് 40,000 കർഷകരെ അണിനിരത്തി 200 കിലോമീറ്റർ കിസാൻ മാർച്ച് സംഘടിപ്പിച്ചപ്പോൾ നിക്കോളെയും അതിൽ പങ്കെടുത്തിരുന്നു.

നിക്കോളെയുടെ പിതാവ് കർഷകനാണ്. ഒരു സാധാരണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. മാതാപിതാക്കൾക്കും ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ദഹാനുവിലാണ് നിക്കോളെ താമസിക്കുന്നത്. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് ഹൈസ്കൂൾ കാലഘട്ടത്തിൽ നിക്കോളെ പഠിപ്പ് നിർത്തി. ശേഷം വടാ പാവ് വിൽപ്പനക്കാരനായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook