മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ദുരിതകാലത്തേക്ക് മടങ്ങുകയാണ് അതിഥി തൊഴിലാളികളെ. കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിന് സമാനമാണ് ഇപ്പോഴത്തെ നിയന്ത്രണങ്ങളെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ലോക്ഡൗണിലേക്ക് നീങ്ങുമെന്ന സംശയത്തില്‍ കഴിഞ്ഞ രണ്ട് ദിവസമായി പലരും അവരവരുടെ നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ട്രെയിന്‍ ഗതാഗതം സ്തംഭിക്കുമോ എന്ന ഭയവുമുണ്ട് പലായനത്തിന് പിന്നില്‍.
പോയ വര്‍ഷം പതിനായിരങ്ങളായിരുന്നു ദീര്‍ഘ ദൂര ട്രെയിനുകള്‍ക്കായി സ്റ്റേഷനിലെത്തിയത്. എന്നാല്‍ ഇത്തവണ അത്തരത്തിലൊരു കാഴ്ചയില്ല. ബിഹാറിലേക്കും ഉത്തര്‍ പ്രദേശിലേക്കുമുള്ള ട്രെയിനുകളില്‍ തിരക്ക് വര്‍ദ്ധിച്ചു തുടങ്ങിയെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം കാല്‍നടയായി വീടുകളിലേക്ക് മടങ്ങിയവരാണ് റെയില്‍വെ സ്റ്റേഷനില്‍ എത്തിയവരില്‍ കൂടുതലും.
“കഴിഞ്ഞ തവണ ജോന്‍പൂരിലെ വീട്ടിലെത്തിയത് കാല്‍നടയായാണ്. ഇത്തവണ അത്തരമൊരു സാഹചര്യത്തിലെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പുതിയ നിയന്ത്രണങ്ങള്‍ കാരണം ജോലിയില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. എനിക്കിപ്പോള്‍ തൊഴിലില്ല. ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തുന്നതിന് മുമ്പ് മടങ്ങുന്നതാണ് നല്ലത്,” കണ്‍സ്ടക്ഷന്‍ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന സോനു പട്ടേല്‍ പറഞ്ഞു.
Read More: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മേൽപ്പോട്ട്; ഞായറാഴ്ച ഒരു ലക്ഷം കേസുകൾ
ജോലിയും പണവുമില്ലാത്ത സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സോഹന്‍ലാല്‍ പറഞ്ഞു. “ജോലികിട്ടുമെന്ന പ്രതീക്ഷയില്‍ ഫെബ്രുവരിയിലാണ് ഇവിടെ എത്തിയത്. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി കോവിഡ് കേസുകളില്‍ ഉണ്ടായ വര്‍ദ്ധനവ് കാരണം ജോലി കണ്ടെത്താനായില്ല. പുതിയ നിയന്ത്രണങ്ങള്‍ വന്നതോടെ ജോലി കിട്ടാനും പോകുന്നില്ല. ഇവിടെ അതിജീവിക്കാനുള്ള പണമില്ല, നാട്ടില്‍ പോയാല്‍ കൃഷിയിലൂടെ വരുമാനം കണ്ടെത്താം,” സോഹന്‍ലാല്‍ പറഞ്ഞു.
ജോലി കിട്ടിയിട്ട് നഷ്ടപ്പെട്ടവരുമുണ്ട് ഇവരുടെ ഇടയില്‍. പെയിന്ററായി മുസ്തഫ ഷായ്ക്ക് രണ്ട് കോണ്‍ട്രാക്ടുകള്‍ ലഭിച്ചെങ്കിലും നിലവിലത്തെ സാഹചര്യത്തില്‍ അത് നീട്ടി വെച്ചിരിക്കുകയാണ്. “പുറത്ത് നിന്നുള്ളവരെ വീട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ ആരും തയ്യാറാകുന്നില്ല,” ഷാ പറഞ്ഞു. കഴിഞ്ഞ ജൂണില്‍ ബിഹാറിലേക്ക് മടങ്ങിയ ഷായ്ക്ക് രണ്ട് മാസമായിട്ടും നാട്ടില്‍ ജോലി കണ്ടെത്താനായില്ല. മുംബൈയിലേക്ക് തിരിച്ചു വന്നപ്പോള്‍ വീണ്ടും ജീവിതം അനിശ്ചിതത്തില്‍ ആയിരിക്കുകയാണ്.
അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. പലരും കോവിഡ് ഭയം മൂലം നാട്ടിലേക്ക് മടങ്ങിയതാണ് ഇവര്‍ക്ക് തിരിച്ചടിയായത്. തൊഴിലാളികള്‍ ഭയന്നിരിക്കുകയാണെന്നാണ് പല എന്‍ജിഓകളില്‍ നിന്നും ലഭിക്കുന്ന വിവരം.