അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറന്റ്. ഗോദാവരി നദിയിലെ ബാബ്ലി അണക്കെട്ടിനായി 2010 ൽ നിരോധനാഞ്ജ ലംഘിച്ച് പ്രതിഷേധ മാർച്ച് നടത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് മഹാരാഷ്ട്രയിലെ ധർമബാദ് കോടതി ചന്ദ്രബാബു നായിഡു ഉൾപ്പെടെ 16 പേർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കുറ്റാരോപിതരായ മുഴുവൻ പേരെയും അറസ്റ്റ് ചെയ്ത് സെപ്റ്റംബർ 21 ന് കോടതിക്കു മുൻപാകെ ഹാജരാക്കണമെന്നും ധർമാബാദ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എൻ.ആർ.ഗാജ്ബിയേ ഉത്തരവിട്ടു. മഹാരാഷ്ട്ര സ്വദേശിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്.

അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതിൽ ചന്ദ്രബാബു നായിഡുവിന്റെ മന്ത്രിസഭയിലെ അംഗങ്ങളായ ഉമാമഹേശ്വര റാവു, അനന്ത ബാബു, തെലുങ്കുദേശം പാർട്ടി വിട്ട് പിന്നീട് ടിആർഎസിൽ ചേർന്ന മുൻ എംഎൽഎ ജി.കമലാകർ എന്നിവരും ഉണ്ട്.

മഹാരാഷ്ട്ര സർക്കാരിന്റെ ബബ്ളി ജലസംഭരണി പദ്ധതിക്കെതിരെയാണ് 2010 ൽ അന്ന് ആന്ധ്രപ്രദേശ് പ്രതിപക്ഷ നേതാവായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ തെലുങ്കുദേശം എംഎൽഎമാർ പ്രതിഷേധം നടത്തിയത്. നായിഡു അടക്കമുളള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയും പുണെ ജയിലിൽ അടയ്ക്കുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

പിതാവും മറ്റു ടിഡിപി നേതാക്കളും കോടതിയിൽ ഹാജരാകുമെന്ന് ചന്ദ്രബാബു നായിഡുവിന്റെ മകനും വിവര സാങ്കേതിക വകുപ്പ് മന്ത്രിയുമായ എൻ.ലോകേഷ് പറഞ്ഞു. തെലങ്കാനയിലെ ജനങ്ങൾക്കു വേണ്ടിയാണ് അദ്ദേഹം പോരാടിയതെന്നും ലോകേഷ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook