മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂര്‍ ജില്ലയില്‍ പ്രാര്‍ത്ഥനക്കിടെ ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു നേരെ ആക്രമണം. അക്രമത്തില്‍ 13 പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. വാളുകളടക്കമുള്ള ആയുധങ്ങളുമായെത്തിയ അക്രമി സംഘം മുഖംമൂടി ധരിച്ചിരുന്നു.
കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന് നില്ക്കുന്ന പ്രദേശമാണിത്. ഇരുപതോളം പേരാണ് വാളും ഇരുമ്പ് ദണ്ഡുകളുമായി വിശ്വാസികളെ അക്രമിച്ചത്. ബൈക്കുകളിലാണ് അക്രമി സംഘമെത്തിയത്. യാതൊരു പ്രകോപനവുമില്ലാതെ ഇവര്‍ വിശ്വാസികളെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഭീംസെന്‍ ചൗഹാന്റെ വസതിയില്‍ നടന്ന പ്രാര്‍ത്ഥനയിലേക്കാണ് ആക്രമികളെത്തിയത്. ഉച്ചയോടെയായിരുന്നു ആക്രമണം നടന്നത്. ആദ്യം കല്ലുകള്‍ പ്രാര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ എറിഞ്ഞ ശേഷമായിരുന്നു ആക്രമണം നടത്തിയത്.
സ്ത്രീകളുടെ ഭാഗത്തു നിന്നുമുണ്ടായ ശക്തമായ ചെറുത്തു നില്‍പ്പാണ് അക്രമികളെ പിന്തിരിയാന് പ്രേരിപ്പിച്ചത്. സ്ത്രീകള്‍ മുളക് പൊടിയെറിഞ്ഞാണ് അക്രമികളെ നേരിട്ടത്.
സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്ന് വരികയാണെന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.