മുംബൈ: അന്തരിച്ച ശിവ സേന നേതാവ് ബാല്‍ താക്കറെയുടെ സ്മാരകം പണിയുന്നതിനായി 100 കോടി രൂപ അനുവദിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. ബിജെപിയും ശിവ സേനയും തമ്മിലുള്ള സഖ്യം എന്നും നല്ലതായിരുന്നുവെന്നും അങ്ങനെ തന്നെ തുടരുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മഹാരാഷ്ട്ര ധനമന്ത്രി സുധീര്‍ മുഗന്തിവാര്‍ പറഞ്ഞു.
വരുന്ന ലോക് സഭാ ഇലക്ഷനായി ഇരുപാര്‍ട്ടികളും തമ്മിലുള്ള കൂട്ടുകെട്ടിന് ഉയര്‍ന്ന സാധ്യതകള്‍ ഉണ്ടെന്നും ബിജെപി എപ്പോളും സഖ്യത്തിന് അനുകൂല നിലപാടെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘സേനയുടെ മാത്രമല്ല, ഈ സഖ്യത്തിന്റെയും നേതാവായിരുന്നു അന്തരിച്ച ബാലസാഹേബ് താക്കറെ. എല്ലാ രാഷ്ട്രീയപാര്‍ട്ടികള്‍ക്കും വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയായി തന്നെ അദ്ദേഹം തുടരും. അതുകൊണ്ട് തന്നെ ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹത്തിന്റെ സ്മാരകം പണിയുന്നതിനായി 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്,’ തുക നല്‍കുന്നത് മുംബൈ മെട്രോപൊളിറ്റന്‍ റീജിയണ്‍ ഡെവലപ്‌മെന്റ് അതോറിറ്റിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പഴയ മുംബൈ മേയറുടെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്ന ശിവാജി പാര്‍ക്കിനടുത്താണ് സ്മാരകം ഉയരുന്നത്. കടലിന് അഭിമുഖമായുള്ള 11,500 ചതുരശ്ര സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള സ്ഥലം കഴിഞ്ഞ വര്‍ഷം തന്നെ ‘ബാലാസാഹേബ് താക്കറെ രാഷ്ട്രീയ സ്മാരക ന്യാസി’ന് കൈമാറിയിരുന്നു.