മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യത്തിനെതിരെ വിമര്‍ശനമുന്നയിച്ച ബിജെപി എംപി നാനാ പടോള്‍ ലോക് സഭാംഗത്വം രാജിവച്ചു. മഹാരാഷ്ട്രയിലെ ബന്ദാര – ഗോണ്ടിയയില്‍ നിന്നുള്ള ബിജെപി എംപിയായിരുന്നു നാനാ പടോള്‍. എംപി സ്ഥാനം രാജിവച്ച പടോള്‍ പാര്‍ട്ടി വിട്ടതായും റിപ്പോര്‍ട്ടുണ്ട്. ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന് രാജിക്കത്ത് കൈമാറിയതായി പടോള്‍ വ്യക്തമാക്കി.

തന്നോട് ചോദ്യങ്ങള്‍ അരുതെന്ന് പ്രധാനമന്ത്രി ആക്രോശിച്ചതായി നാനാ പട്ടോൾ വെളിപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ പദ്ധതി രൂപീകരണ ചര്‍ച്ചയ്ക്കിടെയാണ് മിണ്ടിപ്പോകരുതെന്ന് മോദി ആക്രോശിച്ചതെന്ന് നാന പറഞ്ഞു. രാജ്യത്തെ പ്രധാനമന്ത്രിയുടെ പദവിയ്ക്ക്‌ ചേരാത്ത ഭാഷയാണ്‌ മോദി ഉപയോഗിച്ചതെന്നും നാന അഭിപ്രായപ്പെട്ടിരുന്നു.

2008 ല്‍ കോണ്‍ഗ്രസില്‍ നിന്നാണ് പടോള്‍ ബിജെപിയിലെത്തുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ പടോള്‍ ബന്ദാര – ഗോണ്ടിയയില്‍ നിന്ന് എന്‍സിപിയുടെ പ്രഭുല്‍ പട്ടേലിനെ തോല്‍പ്പിച്ചാണ് ലോക്‌സഭയിലെത്തിയത്. ബിജെപി വിട്ട പടോള്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ