താനെ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ ചൂടുപിടിച്ച തെരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രധാനമന്ത്രി അടക്കമുളള പ്രമുഖര്‍ കൊടുംചൂടിലും പ്രചരണരംഗത്തുണ്ട്. എന്നാല്‍ മഹാരാഷ്ട്രയിലെ ബിജെപി പ്രവര്‍ത്തകര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ലെന്നാണ് ട്വിറ്ററിലെ സംസാരം. ബോളിവുഡ് ഹിറ്റ് ഗാനത്തിനൊപ്പം നല്ല സ്റ്റൈലില്‍ നൃത്തം വെയ്ക്കുകയാണ് ഇവര്‍.

മീരാ ബയന്ദര്‍ റോഡിലെ ഒരു ബിജെപി ഓഫീസില്‍ ചിത്രീകരിച്ചതാണെന്ന് കരുതുന്ന വീഡിയോ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം പാട്ടിനൊത്ത് ചുവടുവെക്കുന്ന വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.

മഹാരാഷ്ട്ര ടുഡെയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിജെപി അംഗമായ സൊനേയ നായിക്കിന്റെ ജന്മദിന ആഘോഷത്തിനിടെ എടുത്ത വീഡിയോ ആണിത്. പാര്‍ട്ടിപ്രവര്‍ത്തകരുടെ നൃത്തച്ചുവടുകള്‍ എന്തായാലും മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്ക് അത്ര ദഹിച്ചിട്ടില്ലെന്നാണ് വിവരം.

ആഘോഷത്തില്‍ പങ്കെടുത്ത മീരാ ബയന്ദര്‍ പ്രദേശത്തെ അഞ്ച് നേതാക്കളോട് ബിജെപി രാജി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ചുവരില്‍ ബിജെപിയുടെ വലിയ ഫ്ലക്സും സ്ഥാപിച്ച് നൃത്തം ചെയ്യുന്ന ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങള്‍ എന്തായാലും സോഷ്യല്‍മീഡിയാ ഉപയോക്താക്കള്‍ ഏറ്റെടുത്തിട്ടുണ്ട്.

സംസ്കാരി മാതാ- പിതാ ദിനം എങ്ങനെ ആഘോഷിക്കണമെന്ന് മീരാ ബയന്ദര്‍ റോഡിലുള്ള ബിജെപി പ്രവര്‍ത്തകരെ കണ്ട് പഠിക്കണമെന്ന് പറഞ്ഞാണ് വീഡിയോ ട്വിറ്ററില്‍ വ്യാപകമായി പ്രചിക്കുന്നത്. വീഡിയോ കണ്ട് എല്ലാവരും സംസ്കാരി ആവണമെന്നും പരിഹസിക്കുന്നവരുണ്ട്.

ചത്തീസ്ഗഢിലേയും കര്‍ണാടകയിലേയും അടക്കമുള്ള സംസ്ഥാനങ്ങലിലെ ബിജെപി നേതാക്കള്‍ വാലന്റൈന്‍സ് ദിന ആഘോഷങ്ങളെ എതിര്‍ത്തിരുന്നു. പകരം മാതാ-പിതാ ദിനമായി ആചരിച്ച് അച്ഛനേയും അമ്മയേയും ആദരിക്കുകയും മധുരം വിതരണം ചെയ്യണമെന്നും നിര്‍ദേശം വന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ ഇത്തരത്തിലാണ് ആഘോഷം നടത്തുന്നതെന്നും മാതാപിതാക്കളെ ദൈവം രക്ഷിക്കട്ടേയെന്നും ഒരു വിരുതന്‍ കമന്റ് ചെയ്തു.

മുംബൈയില്‍ നഗരാതിര്‍ത്തിക്ക് പുറത്താണ് മിരാ ബയന്ദര്‍ സ്ഥിതി ചെയ്യുന്നത്. താനെ ജില്ലയിലെ പ്രദേശം ബിജെപി ഭരണത്തിന്‍ കീഴിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ