മുംബൈ: മഹാരാഷ്ട്രയില്‍ ദലിത്‌ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ്‌ പൂര്‍ണം. ജനുവരി ഒന്നാം തീയതി ഭിമാ കൊറേഗാവ് യുദ്ധത്തിന്‍റെ 200-ാം വാര്‍ഷികം ആചരിക്കുന്ന പൊതുപരിപാടിക്ക് നേരെ മറാത്ത അനുകൂല സംഘടനകള്‍ അക്രമം അഴിച്ചുവിട്ടതിനെ തുടര്‍ന്നായിരുന്നു ഹര്‍ത്താല്‍. മുംബൈ നഗരമടക്കം മഹാരാഷ്ട്രയിലെ മറ്റു പ്രദേശങ്ങളിലൊക്കെ ഹര്‍ത്താല്‍ വ്യാപിച്ചു. മുംബൈയില്‍ ടാക്സി സര്‍വ്വീസുകള്‍ ഏതാണ്ട് നിലച്ച കാഴ്ചയായിരുന്നു. നാടിന്‍റെ പലഭാഗത്തും പ്രതിഷേധ റാലികള്‍ അരങ്ങേറി. പ്രതിഷേധക്കാര്‍ ട്രെയിന്‍ തടയല്‍ സമരം നടത്തിയതിനെ തുടര്‍ന്ന് പല സ്ഥലത്തും റെയില്‍ ഗതാഗതവും തടസ്സപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

ദളിത്‌ സംഘടനകളുടെ മാര്‍ച്ച്, പൂണെയില്‍ നിന്ന്

തിങ്കളാഴ്ച പുണെയ്ക്കടുത്തുള്ള ഭിമ കൊറേഗാവില്‍ നടന്ന പരിപാടിയില്‍ ദലിതരായുള്ള ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. ചരിത്രത്തില്‍ ദലിത്‌ സ്വാഭിമാനമുയര്‍ത്തിപ്പിടിച്ച പോരാട്ടമായി കണക്കാക്കുന്ന യുദ്ധമാണ് കൊറേഗാവില്‍ 200 വര്‍ഷം മുന്‍പ് നടന്നത്. ജാതിവാദികളായ പെഷവാര്‍മാര്‍ക്കെതിരെ ദലിതരുടെ സേന പടപൊരുതി വിജയം നേടുകയായിരുന്നു. കൊറേഗാവ് യുദ്ധത്തിന്‍റെ ഇരുന്നൂറാം വാര്‍ഷികമാചരിക്കുന്ന വേദിയിലേക്ക് മറാത്ത ദേശീയത ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദു സംഘടനകള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. അക്രമത്തില്‍ ധാരാളംപേര്‍ക്ക് പരുക്കേല്‍ക്കുകയും മുപ്പത് വയസ്സുകാരനായൊരു യുവാവ് മരണപ്പെടുകയും ചെയ്തതാണ് തുടര്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചത്. ചൊവാഴ്ച മഹാരാഷ്ട്രയിലെ പല സ്ഥലങ്ങളിലായി അരങ്ങേറിയ ദലിത്‌ പ്രതിഷേധങ്ങളില്‍ അക്രമം അഴിച്ചുവിട്ട സംഘടനയ്ക്കെതിരെ നടപടി വേണം എന്ന ആവശ്യമുയര്‍ന്നിരുന്നു.

ഗതാഗതം തടഞ്ഞുള്ള പ്രതിഷേധം

സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. മഹാരാഷ്ട്രാ സര്‍വ്വകലാശാലയില്‍ ഇന്ന് നടക്കാനിരുന്ന പരീക്ഷകളൊക്കെ മാറ്റിവച്ചതായി അറിയിപ്പുണ്ടായി. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കല്ലേറുണ്ടായി. പുണെയുടെ ഗ്രാമീണ പ്രദേശങ്ങള്‍ കനത്ത പൊലീസ്‌ കാവലിലാണ്. ഭിമ കൊറേഗാവ്, വധു, ബദൃുക്, സനസ്വാദി എന്നീ സ്ഥലങ്ങള്‍ പൊതുവേ ശാന്തമായി അനുഭവപ്പെട്ടു.

ഗോര്‍ഗാവ്, വിരാര്‍, താനേ എന്നിവിടങ്ങളില്‍ ട്രെയിന്‍ തടഞ്ഞുനിര്‍‍ത്തി പ്രതിഷേധം അരങ്ങേറി. സബ്അര്‍ബന്‍ എസി ട്രെയിനുകള്‍ പിന്‍വലിച്ചതായി റെയില്‍വേ ട്വിറ്ററിലൂടെ അറിയിച്ചു, താനെയില്‍ പ്രതിഷേധക്കാര്‍ ബസ് നശിപ്പിച്ചു. മുംബൈ നഗരത്തിലെ ബിജെപി ബോര്‍ഡുകളും എംഎല്‍എ മാരുടെ ചിത്രങ്ങളും അടങ്ങിയ ഫ്ലെക്സുകള്‍ നശിപ്പിച്ചു. മഹാരാഷ്ട്രാ സദന്‍ കനത്ത പൊലീസ് കാവലിലാണ്.

അതേസമയം, രാജ്യസഭയിലും ലോക്‌സഭയിലും ഭിമാ കൊറേഗാവില്‍ ദലിതര്‍ക്ക് നേരെ നടന്ന അക്രമം ചര്‍ച്ചചെയ്യണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ ബിഎസ്‌പിയും രാജ്യസഭയില്‍ ഇതേ ആവശ്യമുയര്‍ത്തുകയുണ്ടായി.

“പ്രധാനമന്ത്രി മൗനം വെടിയണം’ എന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഘെ ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ പ്രധാനമന്ത്രി ‘മൗന വ്രതത്തിലാകും’ എന്നും ആരോപിച്ചു.

പ്രതിഷേധക്കാര്‍ ട്രെയിന്‍ തടയുന്നു

ഭിമാ കൊറേഗാവില്‍ നടന്ന അക്രമത്തെക്കുറിച്ച് ഒരു സിറ്റിങ് ജഡ്ജിനെ വച്ച് അന്വേഷിക്കാം എന്നും മരണപ്പെട്ട യുവാവിന്‍റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നല്‍കാം എന്നുമായിരുന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചൊവ്വാഴ്‌ച പറഞ്ഞത്. അതേസമയം രണ്ട് ഹിന്ദുത്വ സംഘടനാ നേതാക്കള്‍ക്കെതിരെ കൊലപാതകശ്രമം, വര്‍ഗീയത, ദലിത്‌ അക്രമം എന്നിവയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ