മുംബൈ: സാമുദായിക സംഘർഷം നടക്കുന്ന മഹാരാഷ്ട്രയിൽ ഇന്ന് ദലിത് സംഘടനകളുടെ ബന്ദ്. ഇന്നലെ ആരംഭിച്ച സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അക്രമസംഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഭരണപ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത സുരക്ഷയിലാണ് സംസ്ഥാനം.

ദലിത് സമുദായക്കാരും മറാത്തവാദമുയര്‍ത്തുന്ന ഹൈന്ദവ സംഘങ്ങളും തമ്മിലാണ് സംഘർഷം നടക്കുന്നത്. പുണെയിൽ ദലിത് സംഘടനകൾ നടത്തിയ പരിപാടിക്കെതിരെ ആസൂത്രിതമായി ആക്രമണം അഴിച്ച് വിടുകയായിരുന്നു. തുടർന്ന് പുണെ നഗരം സ്തംഭിക്കുകയായിരുന്നു. 200 ഓളം വാഹനങ്ങൾ തല്ലിതകർത്തു. സംസ്ഥാനത്തെ വിവിധ റോഡുകൾ അക്രമികൾ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പൊലീസ് മേധാവി ലക്ഷ്മി ഗൗതം പറഞ്ഞു.

ഔറംഗബാദ്, അഹമ്മദ് നഗർ എന്നിവിടങ്ങളിൽ സർക്കാർ ബസ്സുകൾ ആക്രമികൾ അഗ്നിക്ക് ഇരയാക്കി. ഈസ്റ്റേണ്‍ എക്‌സ്പ്രസ് വേ അടച്ചത് ട്രെയിന്‍ ഗതാഗതത്തെ താറുമാറാക്കി. ഗ്രാമങ്ങളിലെല്ലാം വന്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരിക്കുകയാണ്. മുംബൈയിലെ വിദ്യാലയങ്ങളും കോളേജുകളും അടച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook