മുംബൈ: മഹാരാഷ്ട്ര നിയമസഭയിൽ ബഡ്ജറ്റ് അവതരണത്തിനിടെ ബഹളം വച്ച 19 പ്രതിപക്ഷ എം.എൽ.എമാരെ സ്പീക്കർ ഹരിബാഹു ബാഗ്ദെ സസ്പെൻഡ് ചെയ്തു. ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാരേയും 10 എന്‍സിപി എംഎല്‍എമാരേയുമാണ് ഡിസംബര്‍ 31 വരെ സസ്പെന്‍ഡ് ചെയ്തത്. ഇതോടെ ഈ വർഷം എം.എൽ.എമാർക്ക് സഭാനടപടികളിൽ പങ്കെടുക്കാനാവില്ല.

ബഡ്ജറ്റ് അവതരണത്തിനിടെ പ്രതിപക്ഷ എം.എൽ.എമാർ ബാനറുകൾ ഉയർത്തുകയും സംഗീത ഉപകരണങ്ങൾ കൊണ്ട് ശബ്ദം ഉണ്ടാക്കുകയും ചെയ്ത് ധനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തുകയായിരുന്നു. പിന്നീട് സഭയ്ക്ക് പുറത്ത് ബഡ്ജറ്റിന്റെ പകർപ്പുകൾ കത്തിക്കുകയും ചെയ്തു. മാർച്ച് 18ന് ബഡ്ജറ്റ് അവതരണ വേളയിലാണ് നടപടിക്ക് കാരണമായ ബഹളം ഉണ്ടായത്.

ബി.ജെ.പി-ശിവസേന സർക്കാർ കർഷകർക്ക് നൽകിയ കാർഷിക വായ്പകൾ എഴുതിത്തള്ളുന്നതില്‍ വിമുഖത കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു സഭയിലെ സംഭവവികാസങ്ങള്‍. തയ്യാറായില്ലെന്ന് ആരോപിച്ചായിരുന്നു ബഹളം.

എം.എൽ.എമാർ പ്രതിഷേധിച്ചിട്ടും വായ്പ എഴുതിത്തള്ളുന്നത് സംബന്ധിച്ച പ്രഖ്യാപനത്തിന് സർക്കാർ തയ്യാറായില്ല. എല്ലാ പ്രതിപക്ഷ എംഎല്‍എമാരേയും സര്‍ക്കാരിന് വേണമെങ്കില്‍ സസ്പെന്‍ഡ് ചെയ്യാമെന്നും എന്നാല്‍ കര്‍ഷകര്‍ക്ക് വേണ്ടി തങ്ങള്‍ ശബ്ദിക്കുമെന്നും പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ പാട്ടീല്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ