ന്യൂഡൽഹി: മുത്തലാഖും ആർട്ടിക്കിൾ 370ഉം തിരിച്ചുകൊണ്ടുവരുമെന്ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം നൽകാൻ പ്രതിപക്ഷത്തെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരിനു നൽകിയിട്ടുള്ള പ്രത്യേക പദവി എടുത്തുകളയാനുള്ള തന്റെ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിപക്ഷ നേതാക്കൾ മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് മോദി ആരോപിച്ചു.

“ഞാനവരെ വെല്ലുവിളിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും ഭാവിയിലെ തിരഞ്ഞെടുപ്പിന്റെയും പ്രകടന പത്രികയിൽ, മോദി സർക്കാർ ഓഗസ്റ്റ് 5ന് എടുത്തു കളഞ്ഞ ആർട്ടിക്കിൾ 370, 35 എന്നിവ പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം നൽകൂ,” മോദി പറഞ്ഞു. മുതലക്കണ്ണീർ ഒഴുക്കുന്നത് നിർത്തണമെന്നും മോദി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യാനും ഓഗസ്റ്റ് 5 ന് സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച മോദി, നാലുമാസത്തിനുള്ളിൽ താഴ്‌വര സാധാരണ നിലയിലേക്ക് മടങ്ങിവരുമെന്നും ഉറപ്പുനൽകി.

“40 വർഷമായി അവിടെ നിലനിന്നിരുന്ന അവസ്ഥ സാധാരണ നിലയിലാക്കാൻ നാല് മാസത്തിൽ കൂടുതൽ എടുക്കില്ല,” അദ്ദേഹം ഉറപ്പ് നൽകി. ഓഗസ്റ്റ് 5 മുതൽ ജമ്മു കശ്മീർ സുരക്ഷാ നിയന്ത്രണത്തിലാണ്.

പ്രതിപക്ഷ പാർട്ടികൾക്കെതിരായ ആക്രമണം ശക്തമാക്കിയ മോദി ഈ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് ആരോപിച്ചു. “എൻ‌സി‌പിയുടേയും കോൺഗ്രസിന്റെയും പ്രസ്താവനകൾ നിങ്ങൾ നോക്കു, അവർ അയൽരാജ്യത്തിന് വേണ്ടി സംസാരിക്കുകയാണെന്ന് തോന്നുന്നു,” മോദി പറഞ്ഞു.

അത്തരമൊരു തീരുമാനമെടുക്കുകയെന്നത് നേരത്തേ ചിന്തിക്കാൻ പോലും പറ്റാത്ത ഒന്നായിരുന്നു. കഴിഞ്ഞ കുറേ കാലങ്ങളായി ജമ്മു കശ്മീരിൽ വിഘടനവാദവും ഭീകരതയും മാത്രമാണ് പടർന്നുപിടിക്കുന്നത്. അത്തരമൊരു അവസ്ഥയിൽ ദരിദ്രർ, സ്ത്രീകൾ, ദലിതർ, ചൂഷണം ചെയ്യപ്പെടുന്ന വിഭാഗങ്ങൾ എന്നിവരുടെ വികസനത്തിനുള്ള സാധ്യത വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ വാൽമീകി സമുദായത്തിലെ അംഗങ്ങൾക്ക് അവരുടെ മനുഷ്യാവകാശം പോലും നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. “ഇന്ന്, ഭഗവാൻ വാൽമീകിക്ക് മുന്നിൽ കുമ്പിട്ടുകൊണ്ട് എനിക്ക് പറയാൻ കഴിയും, ആ സഹോദരങ്ങളെ ആലിംഗനം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ട് എന്ന്,” അദ്ദേഹം കൂട്ടിച്ചേർത്തു.

മുത്തലാഖ് വിഷയത്തിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ പ്രധാമന്ത്രി വിമർശിച്ചു. മുസ്ലീം സഹോദരിമാർക്ക് നീതി ലഭിച്ചത് പ്രതിപക്ഷത്തിന് കാണാൻ സാധിക്കുന്നില്ലെന്ന് മോദി പറഞ്ഞു.

മുസ്ലീം അമ്മമാർക്കും സഹോദരിമാർക്കും നൽകിയ വാഗ്ദാനം താൻ പാലിച്ചുവെന്നു പറഞ്ഞ മോദി മുത്തലാഖ് സമ്പ്രദായം തിരികെ കൊണ്ടുവരാനും പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook