മുംബൈ: അപ്രതീക്ഷിത നീക്കങ്ങളിലൂടെ സർക്കാർ രൂപീകരിക്കാൻ ബിജെപിക്കൊപ്പം ചേരുകയും പിന്നീട് രാജിവച്ച് തിരിച്ചുവരികയും ചെയ്ത അജിത് പവാറിനെ ആലിംഗനം ചെയ്ത് എൻസിപി നേതാവും ശരദ് പവാറിന്റെ മകളുമായ സുപ്രിയ സുലെ. എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങിനായി എത്തിയ അജിത് പവാറിനെ നിറഞ്ഞ ചിരിയോടെയും സ്നേഹത്തോടെയുമാണ് സുപ്രിയ സ്വീകരിച്ചത്.

ശനിയാഴ്ച അതിരാവിലെയാണ് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം സത്യപ്ര‌തിജ്ഞ ചെയ്ത് അജിത് പവാർ ഉപമുഖ്യമന്ത്രിയായത്. കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്നായിരുന്നു അജിത് പവാറിന്റെ പ്രതികരണം. എന്നാൽ വലിയ വിമർശനമാണ് അജിത്തിന് നേരിടേണ്ടി വന്നത്.

ബിജെപിക്കൊപ്പം ചേർന്ന അജിത് പവാർ തങ്ങളെ ചതിച്ചുവെന്നായിരുന്നു നേരത്തേ സുപ്രിയയുടെ പ്രതികരണം. എന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ച അജിത് പവാറിനെ സുപ്രിയയുടെ ഭർത്താവ് സദാനന്ദ് സുലെ നേരിൽ കണ്ട് തിരികെ വരാൻ ക്ഷണിക്കുകയായിരുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട് 288 എംഎൽഎമാർ മഹാരാഷ്ട്ര നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുകയാണ്. ബരാമതി സീറ്റിൽ നിന്നുള്ള എൻ‌സി‌പി എം‌എൽ‌എ അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിന് പുറമെ എൻസിപി എംഎൽഎ ചഗൻ ഭുജ്ബാൽ, കോൺഗ്രസ് നേതാക്കളായ അശോക് ചവാൻ, പൃഥ്വിരാജ്, ശിവസേന നേതാവ് ആദിത്യ താക്കറെ എന്നിവരും നേരത്തേ സത്യപ്രതിജ്ഞ ചെയ്തു.

ശിവസേന നേതാവ് ഉദ്ധവ് താക്കറെ നാളെ(വ്യാഴം) മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. ഉപമുഖ്യമന്ത്രിമാരായി കോൺഗ്രസിന്‍റെ ബാലാസാഹേബ് തോറാട്ടും എൻസിപിയുടെ ജയന്ത് പാട്ടീലും നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ കോൺഗ്രസ്-എൻസിപി-ശിവസേന ത്രികക്ഷി സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തും.

166 എം‌എൽ‌എമാരുടെ പിന്തുണയുണ്ടെന്ന് മഹാ വികാസ് അഘാദിയിൽ നിന്ന് കത്ത് ലഭിച്ചതിനെത്തുടർന്ന് ദാദറിലെ ശിവാജി പാർക്കിൽ വ്യാഴാഴ്ച വൈകീട്ട് 6.40 ന് സത്യപ്രതിജ്ഞ ചെയ്ത് സർക്കാർ രൂപീകരിക്കാൻ ഗവർണർ ഭഗത് സിംഗ് കോശ്യാരി ഉദ്ധവ് താക്കറെയെ ക്ഷണിച്ചു.

ഉദ്ധവ് മഹാരാഷ്ട്ര അസംബ്ലിയിലോ കൗൺസിലിലോ അംഗമല്ലാത്തതിനാൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആറുമാസത്തിനുള്ളിൽ സംസ്ഥാന നിയമസഭയിൽ അംഗമാകേണ്ടതുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook