കൊച്ചി: മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കം കലശക്കേരി പ്രജിത്ത് (20), കോട്ടയം കുടമാളൂർ പുളിമൂട്ടിൽ രോഹിത് റോൺസൺ (21), പാലക്കാട് പട്ടാന്പി ചെത്തിക്കോട്ടിൽ മുഹമ്മദ് അമീർ എന്നിവരാണ് പിടിയിലായത്.

ആൺകുട്ടികളും പെൺകുട്ടികളു ഒരുമിച്ചിരിക്കുന്നതിനെതിരെ വിദ്യാർത്ഥിനിയെ അധിക്ഷേപിച്ച് കൊണ്ടുള്ള പ്രിൻസിപ്പലിന്റെ ശകാരമാണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. സംഭവത്തിൽ പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ കോളജിൽ നടത്തിയ പ്രകടനം അക്രമാസക്തമാവുകയായിരുന്നു. വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ കസേര ഓഫിസിൽ നിന്നും കോളജ് കോന്പൗണ്ടിന് പുറത്തെത്തിച്ച ശേഷം കത്തിക്കുകയായിരുന്നു. സംഭവത്തിൽ സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പ്രതിഷേധമുയർന്നിരുന്നു.
SFi Activist

കെഎസ്‌യു വിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനൊടുവിൽ കോളജിനകത്ത് കയറി എസ്എഫ്ഐ തോരണങ്ങൾ നശിപ്പിച്ചിരുന്നു. വിദ്യാർത്ഥി യൂണിയൻ ഓഫിസ് ആക്രമിച്ച് ബെഞ്ചുകളും ഡസ്കുകളും നശിപ്പിച്ചു. ഇതേ തുടർന്ന് ഷാരോൺ എന്ന കെഎസ്‌യു പ്രവർത്തകനായ മഹാരാജാസ് വിദ്യാർത്ഥിയെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഈ കേസിൽ ചേർത്തല സ്വദേശി അമൽ, പാലക്കാട് സ്വദേശി ഹർഷോം, വയനാട് സ്വദേശി ദേവാനന്ദ്, പനങ്ങാട് സ്വദേശി അഫ്സൽ, കളമശേരി സ്വദേശി അജ്മൽ അലി എന്നിവരെയും എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു.

വിദ്യാർത്ഥി സമരത്തിനിടെ മഹാരാജാസ് കോളജിൽ നടന്ന അക്രമ സംഭവങ്ങളിൽ ഐഎൻടിയുസി പ്രവർത്തകനായ മുളവുകാട് നോർത്ത് പള്ളിപ്പറന്പിൽ സാജു (50) വിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ