ന്യൂഡൽഹി: ഡൽഹിയിൽ ‘ഹിന്ദു മഹാ പഞ്ചായത്ത്’ എന്ന പരിപാടിക്കിടെ വിദ്വേഷപരമായ ആഹ്വാനവുമായി ഗാസിയാബാദിലെ ദസ്നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനും ഹരിദ്വാർ വിദ്വേഷ പ്രസംഗ കേസിലെ പ്രതിയുമായ യതി നരസിംഹാനന്ദ്. ഹിന്ദുക്കളോട് ആയുധമെടുക്കാൻ നരസിംഹാനന്ദ് ആഹ്വാനം ചെയ്തു.
ഇന്ത്യയ്ക്ക് ഒരു മുസ്ലീം പ്രധാനമന്ത്രിയെ ലഭിച്ചിരുന്നെങ്കിൽ, “നിങ്ങളിൽ (ഹിന്ദുക്കളിൽ) 50 ശതമാനം പേർ അടുത്ത 20 വർഷത്തിനുള്ളിൽ നിങ്ങളുടെ മതം മാറ്റേണ്ടി വരുമായിരുന്നു,” എന്നും നരസിംഹാനന്ദ് പറഞ്ഞു.
സേവ് ഇന്ത്യ ഫൗണ്ടേഷൻ സ്ഥാപകൻ പ്രീത് സിങ്ങാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം ജന്തർ മന്തറിൽ മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർന്ന പരിപാടിയുടെ സംഘാടകരിലൊരാൾ കൂടിയായിരുന്നു സിംഗ്. കേസുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്. നരസിംഹാനന്ദും ഹരിദ്വാർ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലാണ്.
ഇന്ത്യയ്ക്ക് ഒരു മുസ്ലീം പ്രധാനമന്ത്രിയെ കിട്ടിയാൽ 40 ശതമാനം ഹിന്ദുക്കൾ കൊല്ലപ്പെടുമെന്നും ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് നരസിംഹാനന്ദ് പറഞ്ഞു. “ഇതാണ് ഹിന്ദുക്കളുടെ ഭാവി. നിങ്ങൾക്ക് ഇത് മാറ്റണമെങ്കിൽ, ഒരു ആണാവുക. ഒരു ആണാകുക എന്നാൽ എന്താണ്? ആയുധം ധരിച്ച ഒരാൾ, ”അദ്ദേഹം പറഞ്ഞു.
Also Read: കര്‍ണാടകത്തിലെ ഹലാല്‍വിരുദ്ധ സമരങ്ങളെ പിന്തുണച്ച് മന്ത്രി; ഭീതി ഉയര്‍ത്തി കശാപ്പ് ചട്ട ഉത്തരവ്
പരിപാടി നടത്താൻ സംഘാടകർക്ക് അനുമതിയില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ഈ വർഷം ജനുവരി നാലിന് ഈ പരിപാടി ആസൂത്രണം ചെയ്തിരുന്നതായി പ്രീത് സിംഗിന്റെ ട്വിറ്റർ അക്കൗണ്ട് പറയുന്നു.
ഇതിനിടെ പരിപാടി റിപ്പോർട്ട് ചെയ്യാൻ പോയ ചില മാധ്യമപ്രവർത്തകർ തങ്ങളെ സദസ്സിൽ നിന്ന് മർദിച്ചതായി ആരോപിച്ചു. ഡൽഹി പോലീസ് തങ്ങളെ വേദിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് മുഖർജി നഗർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും അവരിൽ ചിലർ ആരോപിച്ചു.
എന്നാൽ ഡൽഹി പൊലീസ് ഇക്കാര്യം നിഷേധിച്ചു. “ചില റിപ്പോർട്ടർമാർ, സ്വമേധയാ സുരക്ഷാ കാരണങ്ങളാൽ പോലീസ് സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിച്ചു. ആരെയും കസ്റ്റഡിയിലെടുത്തില്ല. ആവശ്യമായ പോലീസ് സംരക്ഷണം നൽകിയിട്ടുണ്ട്, ”നോർത്ത് വെസ്റ്റ് ഡിസിപി ഉഷാ രംഗാനി പറഞ്ഞു.