മുംബൈ: വാഗ്‌ദാന ലംഘനം നടത്തിയ മഹേന്ദ്ര ഫഡ്‌നവിസ് സർക്കാരിനെതിരായ ഓൾ ഇന്ത്യ കിസാൻ സഭയുടെ കാൽനട യാത്ര മുംബൈയോടടുത്തു. ഇന്നലെ രാത്രി മുംബൈ നഗരാതിർത്തിയിലേക്ക് പ്രവേശിച്ച സംഘം ഇന്ന് മുംബൈ നഗരത്തിൽ പ്രവേശിക്കും. താനെയിൽ നിന്ന് 25 കിലോമീറ്റർ അകലെയുളള ദാദർ ലക്ഷ്യമാക്കിയാണ് ഇന്ന് കർഷകർ നടക്കുക.

നാളെ ദാദറിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന കർഷകർ മഹാരാഷ്ട്ര നിയമസഭയെ ഉപരോധിക്കും. അതിന് മുൻപ് തങ്ങളുന്നയിച്ച ആവശ്യങ്ങളിൽ സർക്കാർ തീരുമാനം ഉണ്ടാക്കണം എന്നാണ് കർഷക സംഘം നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

കാൽനടയായി മുന്നേറുന്ന സമരത്തിലേക്ക് കർഷകർ കൂടുതൽ കൂടുതൽ അണിചേരുകയാണ്. 35000 പേർ ഇപ്പോൾ പ്രകടനത്തിന്റെ ഭാഗമാണ്. നിയമസഭയിലേക്ക് എത്തുമ്പോഴേക്കും പ്രകടനത്തിൽ 50000 പേർ അണിചേരുമെന്നാണ് കിസാൻ സഭ പറഞ്ഞിരിക്കുന്നത്.

മഹാരാഷ്ട്രയെ ഇളക്കിമറിച്ച് മുന്നേറുന്ന കർഷക സമരം ഗതാഗത സംവിധാനം താറുമാറാക്കുമെന്നാണ് സൂചന. ഇതേ തുടർന്ന് മുംബൈയിൽ ഗതാഗതം നിയന്ത്രിച്ചും വേർതിരിച്ചുവിട്ടും സർക്കാർ പ്രതിരോധം തീർക്കുകയാണ്.

അതേസമയം നിർജ്ജലികീരണം മൂലം ആറ് കർഷകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാസികിൽ നിന്ന് മാർച്ച് ആറിന് ആരംഭിച്ച ജാഥയിൽ ആയിരക്കണക്കിന് കർഷകരും ആദിവാസികളുമാണ് അണിനിരന്നത്. ഇവർ നാളെ മുംബൈ നിയമസഭ ഉപരോധിക്കും. ഇത്രയും പേർ മുംബൈ നഗരത്തിൽ പ്രവേശിച്ചാൽ എങ്ങിനെ നേരിടുമെന്ന ആശങ്കയാണ് പൊലീസിന്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ