ന്യൂഡൽഹി: നെസ്‌ലെ ഇന്ത്യയുടെ ഇൻസ്റ്റന്റ് നൂഡിൽസ് ബ്രാൻഡായ മാഗി വീണ്ടും  ഇന്ത്യയിലെ നൂഡിൽസ്  വിപണിയുടെ സിംഹഭാഗവും സ്വന്തമാക്കിയതായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. നിലവിൽ വിപണിയുടെ 60 ശതമാനവും മാഗിയ്ക്കാണ് എന്ന് കമ്പനി അവകാശപ്പെട്ടു. ഇപ്പോഴത്തെ കണക്ക് പ്രതിസന്ധിഘട്ടത്തിന് മുൻപുളള സ്ഥിതിയിലെത്തിയതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അഞ്ച് മാസത്തെ നിരോധനവും നിയമയുദ്ധവും കഴിഞ്ഞാണ് മാഗി നൂഡിൽസ് വീണ്ടും മാർക്കറ്റിലെത്തിയത്. അതിന് ശേഷമുളള തിരിച്ചുവരവിനെ കുറിച്ചാണ് കമ്പനി ഈ​ കണക്ക് മുന്നോട്ട് വയ്ക്കുന്നത്.

എന്നാലും അളവിന്റെ അടിസ്ഥാനത്തിൽ പരിഗണിച്ചാൽ പ്രതിസന്ധി ഘട്ടത്തിൽ നിന്നും വളരെയകലെയാണ് മാഗിയുടെ സ്ഥിതി. പ്രതിസന്ധിയുണ്ടാകുന്നതിന് മുമ്പ് വിപണിയുടെ 75 ശതമാനവും മാഗിക്കായിരുന്നുവെന്നും പിടിഐ​ റിപ്പോർട്ട് ചെയ്യുന്നു.

പ്രതിസന്ധി ഘട്ടത്തിലെ വിപണിയിലെ അവസ്ഥയ്ക്ക് ഒപ്പം ഏതാണ്ട് എത്തിയതായി നെസ്‌ലെ ഇന്ത്യയുടെ ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ സുരേഷ് നാരായണൻ അറിയിച്ചു. നിലവിൽ വിപണിയിലെ 60 ശതമാനത്തിന് കുറച്ച് മുകളിലാണ് മാഗിയുടെ ഓഹരി. പ്രതിസന്ധിഘട്ടത്തിലെ സ്ഥിതിയിലേയ്ക്ക് തിരികെയെത്താൻ കുറച്ച് സമയംകൂടെ തങ്ങൾക്ക് വേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

കമ്പനിയുടെ മൊത്തം വിപണിയുടെ മൂന്നിലൊന്ന് മാഗിയുടേതാണ്. പ്രിപ്പയേഡ് ഫുഡിന്റെ മൊത്തം സംഭാവനയിൽ മാഗിയും മാഗി ഫ്രാഞ്ചെയ്സിയും ചേർന്ന് ഏകദേശം മുപ്പത് ശതമാനം വരുമെന്ന് മീഡിയ റൗണ്ട് ടേബിളിൽ പങ്കെടുത്ത സുരേഷ് നാരായണൻ അവകാശപ്പെട്ടു.

നെസ്‌ലെ ഇന്ത്യ 2017ൽ പതിനായിരം കോടി രൂപയുടെ വിപണിനേട്ടമാണ് ഉണ്ടാക്കിയതയ്. ഭക്ഷ്യ സുരക്ഷാ സ്റ്റാൻഡേസ് അതോറിട്ടി ഓഫ് ഇന്ത്യ (എഫ്എസ്എസ്എ​ഐ) 2015 ജൂണിൽ അഞ്ച് മാസത്തേയ്ക്ക് മാഗിക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. മാഗിയിലെ ചില ചേരുവകൾ അനുവദനീയമായ അളവിൽ കൂടുതലാണെന്ന് കാണിച്ചായിരുന്നു നിരോധനം. ഇതോടെ നെസ്‌ലെയ്ക്ക് ഇന്ത്യൻ വിപണിയിൽ നിന്നും മാഗി നൂഡിൽസ് പിൻവലിക്കേണ്ടി വന്നിരുന്നു.

ഇതിനെതിരെ നടന്ന നിയമയുദ്ധങ്ങൾക്ക് ശേഷം 2015 നവംബറിലാണ് ഈ ജനപ്രിയ നൂഡിൽസ് ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ തിരികെ എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook