ചെന്നൈ: തമിഴ്നാട്ടിലെ മാട്ടുപ്പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി മധുരയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ ആക്രമണത്തില്‍ ഒരു മരണം. പാലമേട്ടില്‍ നടന്ന ജല്ലിക്കെട്ടിനിടെ പരുക്കേറ്റ യുവാവ് മരിച്ചു.
ഇരുപത്തിയാറുകാരനായ അരവിന്ദ് രാജാണു മരിച്ചത്. കാളയുടെ കുത്തേറ്റ യുവാവിനെ മധുരയിലെ ഗവ. രാജാജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
എന്‍ട്രി പോയിന്റിലൂടെ എത്തിയ കാള യുവാവിനെ കൊമ്പുകളില്‍ തൂക്കി വലിച്ചെറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. നേരത്തെ മൂന്ന് റൗണ്ടുകളിലായി ഒമ്പത് കാളകളെ അരവിന്ദ് രാജ് കീഴടക്കിയിരുന്നു.
പാലമേട് ജെല്ലിക്കെട്ടില്‍ പരുക്കേറ്റ പത്തിലധികം പേരെ മധുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
പാലമേട്ട് ജെല്ലിക്കെട്ടില്‍ എഴുന്നൂറിലധികം കാളകളെ പങ്കെടുപ്പിക്കാനാണ് അധികൃതര്‍ അനുമതി നല്‍കിയത്. കാളകളെയും അവയെ കീഴടക്കാനെത്തുന്നവരെയും ചികിത്സിക്കാന്‍ നൂറ്റി അറുപതോളം മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളും വെറ്ററിനറി ടീമുകളും സ്ഥലത്തുണ്ടായിരുന്നു. സുരക്ഷയ്ക്കായി 2000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
ഓരോ റൗണ്ടിലെയും വിജയികള്‍ക്കു സ്വര്‍ണ നാണയങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, സൈക്കിളുകള്‍, ഫര്‍ണിച്ചറുകള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയും ഓവറോള്‍ വിജയികള്‍ക്കു മെഗാ സമ്മാനങ്ങളും ലഭിക്കും.
തമിഴ്നാട്ടിലെ പുതുക്കോട്ടൈ, തിരുച്ചിറപ്പള്ളി, ദിണ്ടിഗല്‍ തുടങ്ങിയ തമിഴ്നാടിന്റെ മറ്റു ഭാഗങ്ങള്‍ക്കു പുറമെ മധുരയിലെ അലങ്കനല്ലൂര്‍, ആവണിയാപുരം, പാലമേട് തുടങ്ങിയ സ്ഥലങ്ങളിലും എല്ലാ വര്‍ഷവും ജെല്ലിക്കെട്ട് സംഘടിപ്പിക്കാറുണ്ട്.