മധുര: തമിഴ്നാട്ടിലെ മധുരയിൽ കോവിഡ്-19 ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിൽ സർക്കാരിന് ആശങ്ക. ഇന്നലെ മാത്രം 287 പേർക്കാണ് മധുരയിൽ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ ഇവിടെ 3,423 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,405 പേർ ചികിത്സയിലാണ്. സമ്പൂർണ ലോക്ക്ഡൗണിലാണ് മധുര.

മാർച്ച് 25 നാണ് മധുരയിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. മേയിൽ രോഗികളുടെ എണ്ണം 182 ആയി. രോഗം ബാധിച്ച് മൂന്നു പേർ മരിക്കുകയും ചെയ്തു. ജൂൺ മാസത്തോടെ നഗരത്തിൽ രോഗബാധിതർ കൂടുതലായി. ചെന്നൈയിൽനിന്നും കൂടുതൽ പേർ മധുരയിലേക്ക് എത്തിയതോടെയാണ് രോഗബാധിതർ കൂടിയതെന്നാണ് അധികൃതര്‍ പറയുന്നത്.

ജൂൺ 22 നും ജൂലൈ 1 നും ഇടയിൽ മധുരയിൽ രോഗബാധിതരുടെ എണ്ണത്തിൽ വർധനവുണ്ടായി- 153, 137, 97, 203, 190, 217, 284, 290, 246, 297. നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് പോസിറ്റീവ് കേസുകളിൽ 80 ശതമാനവും കോർപറേഷൻ പരിധിയിലാണ്. ജില്ലയിലെ 100 വാർഡുകളിലും പോസ്റ്റീവ് കേസുകളുണ്ട്.

Read Also: രാജ്യത്ത് 24 മണിക്കൂറിനിടെ 22,771 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

രോഗവ്യാപനം തടയുന്നതിനായി കോർപറേഷൻ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 15 പേർക്ക് രോഗം ബാധിച്ചത് പറവൈ മാർക്കറ്റിൽനിന്നാണെന്ന് കരുതുന്നു. ഇതേ തുടർന്ന് മാർക്കറ്റ് അടച്ചു. രോഗപരിശോധന കൂട്ടുകയും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിന് കഴിയുന്നത്ര നടപടികൾ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ടെന്ന് മധുരയിലെ സോണൽ മോണിറ്ററിങ് ഓഫീസർ ബി.ചന്ദ്ര മോഹൻ ദി ഇന്ത്യൻ എക്‌സ്‌പ്രസിനോടു പറഞ്ഞു. സ്ക്രീനിങ്ങിലൂടെ കൂടുതൽ കേസുകൾ കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിലൂടെ രോഗം തിരിച്ചറിഞ്ഞ് അവരെ നേരത്തെ തന്നെ ഐസൊലേഷനിലേക്ക് മാറ്റാൻ സാധിക്കും. ജില്ലയിലുടനീളം ഏതാനും പനി ക്ലിനിക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങൾക്ക് അവിടെയെത്തി പരിശോധന നടത്താം. രോഗവ്യാപനം തടയാൻ ലോക്ക്ഡൗൺ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

”നിലവിൽ 1,598 ആക്ടീവ് കേസുകളാണ് മധുരയിലുളളത്. ഇതിൽ 1,522 പേർക്ക് ചെറിയ രോഗലക്ഷണങ്ങളേ ഉളളൂ. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ല. അവർ ഹോം ക്വാറന്റൈനിലോ കോവിഡ് കെയർ സെന്ററുകളിലോ കഴിഞ്ഞാൽ മതി. ജില്ലയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 90 ശതമാനം നേരിയ രോഗലക്ഷണങ്ങളോടു കൂടിയവയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്,” മോഹൻ പറഞ്ഞു.

മധുരയിലേക്ക് 132 ആഭ്യന്തര വിമാനങ്ങളിലായി 8,658 പേരാണ് എത്തിയത്. ഇതിൽ 51 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

Read in English: Madurai: Covid cases on the rise, what Tamil Nadu government is doing to curb spread

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook