ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അമ്മയാണെന്ന അവകാശവാദവുമായെത്തിയ യുവാവിനെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. 28 വയസുകാരനായ കൃഷ്ണമൂര്‍ത്തിയെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. ജയലളിത തന്റെ അമ്മയാണെന്നും പോയസ് ഗാര്‍ഡനടക്കം ജയലളിതയുടെ സ്വത്തുക്കള്‍ തനിക്ക് അവകാശപ്പെട്ടതാണെന്നും കാണിച്ച് കൃഷ്ണമൂര്‍ത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് വ്യാജരേഖകളും ഫോട്ടോഷോപ്പ് ചിത്രങ്ങളുമായി കോടതിയെ കബളിപ്പിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കൃഷ്ണമൂർത്തിയുടെ ഹർജി പരിഗണിക്കവെ നേരത്തേ തന്നെ ജഡ്ജി ഇയാളെ താക്കീത് ചെയ്തിരുന്നു. കോടതിയെ കബളിപ്പിക്കാൻ ശ്രമിച്ചാൽ ജയിലിലടക്കും എന്ന് ജഡ്ജി പറഞ്ഞിരുന്നു. എന്നാൽ പീന്നിട് കൂടുതൽ വ്യാജരേഖകൾ ഹാജരാക്കിയതോടെയാണ് കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവിട്ടത്. ജയലളിതയുടെയും തെലുങ്ക് നടൻ ശോബൻ ബാബുവിന്റെയും മകനെന്ന അവകാശവാദവുമായാണ് കൃഷ്ണമൂർത്തി കോടതിയെ സമീപിച്ചത്. ചില രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിൽ ദത്തെടുത്ത രേഖയും ഉണ്ടായിരുന്നു.

ജയലളിതയുടെ മകനാണ് താനെന്നും ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി ഉൾപ്പെടെ മുഴുവൻ സ്വത്തുക്കളുടെയും അവകാശി താനാണെന്നും കൃഷ്ണമൂർത്തി കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. മാത്രമല്ല ജയലളിതയുടെ കുടുംബാംഗങ്ങളിൽനിന്നും എഐഎഡിഎംകെ ജനറൽ സെക്രട്ടറി വി.കെ.ശശികലയിൽനിന്നും തനിക്ക് ഭീഷണി ഉണ്ടാകുമെന്നു ഭയക്കുന്നതായും അതിനാൽ തനിക്ക് സുരക്ഷ ഒരുക്കാൻ ഡിജിപിയോട് കോടതി നിർദേശിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

1985 ലാണ് താൻ ജനിച്ചതെന്നും ഒരു വർഷത്തിനുശേഷം ഇ റോഡിലെ ഒരു കുടുംബം ദത്തെടുത്തുവെന്നാണ് യുവാവ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. തമിഴ്നാട് മുൻ മുഖ്യമന്ത്രി എംജിആറിന്റെ വീട്ടിൽ ജോലി ചെയ്തിരുന്ന വസന്തമണിയാണ് തന്നെ ദത്തെടുത്തത്. ദത്തെടുക്കലിന്റെ രേഖകളും ഫോട്ടോകളും തന്റെ പക്കലുണ്ട്. രേഖകളിൽ ജയലളിതയുടെയും ശോബൻ ബാബുവിന്റെയും ഒപ്പുണ്ട്. സാക്ഷിയായി എംജിആറിന്റെ ഒപ്പുണ്ടെന്നും യുവാവ് പരാതിയിൽ പറഞ്ഞിരുന്നു.

രേഖകളിൽ ഒപ്പിട്ടുവെന്നു പറയുന്ന സമയത്ത് എംജിആറിനു കൈ അനയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ രേഖകളിൽ ഒപ്പിട്ടതായിട്ടാണ് കാണിക്കുന്നത്. ഇതിൽനിന്നുതന്നെ യുവാവ് രേഖകൾ വ്യാജമായി ഉണ്ടാക്കിയതെന്നു വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ