ലക്‌നൗ: ഗാന്ധി ഘാതകനായ നാഥൂറാം ഗോഡ്സെയേയും, മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യാ സിങ് ഠാക്കൂറിനേയും പോലെ ഉളളവരെ മദ്രസകളില്‍ പോറ്റി വളര്‍ത്താറില്ലെന്ന് സമാജ്‍വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. രാജ്യത്തെ മദ്‌റസകളെ ‘ആധുനികവല്‍ക്കരി’ക്കുമെന്നും മുഖ്യധാര വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുമെന്നും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് അസംഖാന്റെ പരാമര്‍ശം.

‘നാഥൂറാം ഗോഡ്സെയുടെ സ്വഭാവം ഉളളവരെയോ, പ്രഗ്യാ സിങ് ഠാക്കൂറിന്റെ വ്യക്തിത്വം ഉളളവരെയോ മദ്രസകളില്‍ പോറ്റി വളര്‍ത്താറില്ല. നാഥൂറാം ഗോഡ്സെയുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ജനാധിപത്യത്തിന്റെ ശത്രുക്കളാണെന്നാണ് ആദ്യം പ്രഖ്യാപിക്കേണ്ടത്. ഭീകരവാദ കുറ്റം ചുമത്തിയവര്‍ക്ക് ബഹുമതി നല്‍കില്ലെന്നും വ്യക്തമാക്കണം,’ അസംഖാന്‍ പറഞ്ഞു.

Read More: ‘നമ്മള്‍ വിചാരിക്കുന്ന ആളേയല്ല!’; ഗോഡ്‌സെ ദേശഭക്തനെന്ന് പ്രഗ്യാ സിങ്

2008ലെ മാലേഗാവ് സ്ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിങ് ഭോപ്പാലിൽ നിന്നും ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചിരുന്നു. മദ്രസകളെ സഹായിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉദ്ദേശ്യമെങ്കില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുകയാണ് വേണ്ടതെന്ന് അസംഖാന്‍ പറഞ്ഞു. ‘മതപരമായ വിദ്യാഭ്യാസം മദ്രസകളില്‍ നല്‍കുന്നുണ്ട്. ഇതേ മദ്രസയിലാണ് ഹിന്ദിയും ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്നത്. ഇതായിരുന്നു എപ്പോഴും ചെയ്തിരുന്നത്. മദ്രസകളെ സഹായിക്കണമെന്നാണ് ഉദ്ദേശ്യമെങ്കില്‍ നല്ല കെട്ടിടങ്ങളും ഫര്‍ണിച്ചറുകളും നല്‍കുക. ഉച്ചഭക്ഷണവും നല്‍കുക,’ അസംഖാന്‍ പറഞ്ഞു.

രാജ്യത്തെ മദ്രസകളെ ‘ആധുനികവല്‍ക്കരി’ക്കുമെന്നും മുഖ്യധാര വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി വ്യക്തമാക്കിയിരുന്നു. മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ രീതികളുമായി ബന്ധിപ്പിച്ച് കംപ്യൂട്ടര്‍, ശാസ്ത്രം തുടങ്ങിയവ ഇവിടെ പഠന വിഷയമാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. രാജ്യത്ത് നിരവധി മദ്രസകളുണ്ട്. അവ ഔപചാരിക വിദ്യാഭ്യാസവുമായി കൂട്ടിയോജിപ്പിക്കും. അത്തരത്തില്‍ അവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി സംഭാവനകള്‍ നല്‍കാമെന്ന് നഖ്‌വിയെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. പദ്ധതി അടുത്ത മാസം മുതല്‍ ആരംഭിക്കും. മദ്രസ അധ്യാപകര്‍ക്ക് ഹിന്ദി, ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, കംപ്യൂട്ടര്‍ എന്നീ വിഷയങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കുന്നതിലൂടെ മദ്രസ വിദ്യാര്‍ഥികള്‍ക്കിടയില്‍ മുഖ്യധാര വിദ്യാഭ്യാസം നല്‍കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അധികാരത്തില്‍ തിരിച്ചെത്തിയാല്‍ മദ്രസകളെ ആധുനികവല്‍ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. ഒരു കൈയ്യില്‍ ഖുറാനും മറ്റൊരു കൈയ്യില്‍ കംപ്യൂട്ടറും എന്ന മുദ്രാവാക്യവും തിരഞ്ഞെടുപ്പ് സമയത്ത് മോദി ആവിഷ്‌കരിച്ചിരുന്നു. നേരത്തെ മദ്രസകള്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ശിയ കേന്ദ്ര വഖഫ് ബോര്‍ഡ് പ്രധാനമന്ത്രിക്ക് കത്തയച്ചത് വിവാദമായിരുന്നു. മദ്രസകള്‍ അടച്ചുപൂട്ടി സിബിഎസ്ഇ, ഐസിഎസ്ഇയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മതേതര സ്‌കൂളുകളാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook