ലക്നൗ: ഭാഷാ വൈവിധ്യം കൊണ്ട് പേരുകേട്ട രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. നാനൂറിലധികം ഭാഷകളാണ് ഇന്ത്യയിലുളളത്. രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് ഹിന്ദി, സംസ്കൃതം, ഉറുദു എന്നീ ഭാഷാ വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്. എന്നാല്‍ യുപി പോലൊരു സംസ്ഥാനത്ത് ഭാഷകള്‍ വ്യക്തമായ ഒരു സമുദായത്തിലേക്ക് മാത്രമായി ചുരുങ്ങിപ്പോകാറാണ് പതിവ്. എന്നാല്‍ ഈ പതിവുകള്‍ തെറ്റിച്ചാണ് ഗോരഖ്പൂരിലെ ഒരു മദ്രസയില്‍ സംസ്കൃതം പഠിപ്പിക്കുന്നത്.

ദാറുല്‍ ഉലൂം ഹുസൈനിയ മദ്രസയിലെ വിദ്യാര്‍ത്ഥികളാണ് സംസ്കൃതം പഠിക്കുന്നത്. തങ്ങള്‍ ഇത് വളരെയധികം ആസ്വദിക്കുന്നതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു.ഹിന്ദിയും ഉറുദുവും ഇംഗ്ലീഷും മദ്രസയില്‍ പാഠഭാഗമായിട്ടുണ്ട്. ‘സംസ്കൃതം പടിക്കുന്നതില്‍ ഞങ്ങള്‍ ഏറെ ആവേശത്തിലാണ്. വളരെയധികം ലളിതമായും രസകരമായുമാണ് അധ്യാപകര്‍ ഞങ്ങളെ സംസ്കൃതം പഠിപ്പിക്കുന്നത്. വീട്ടിലും ഇപ്പോള്‍ ഭാഷ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ സഹായിക്കുന്നുണ്ട്’, മദ്രസ വിദ്യാര്‍തഥി പറഞ്ഞു. ഇസ്ലാമിക കാര്യങ്ങള്‍ മാത്രമല്ല മദ്രസയില്‍ പഠിപ്പിക്കുന്നതെന്ന് പ്രിന്‍സിപ്പലായ ഹാഫിസ് നാസര്‍ ആലം പറഞ്ഞു. സംസ്ഥാനത്തുടനീളമുളള മദ്രസകളിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ്, ഹിന്ദി, സയന്‍സ്, കണക്ക്, ഉറുദു അറബി, എന്നിവ നിലവില്‍ മദ്രസകളില്‍ പഠിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചാം ക്ലാസിന് മുകളിലുളള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്കൃതം പഠിപ്പിക്കുന്നുണ്ട്. കുട്ടികളുടെ രക്ഷിതാക്കളും ഇതില്‍ സന്തുഷ്ടരാണെന്നും അതൃപ്തിയൊന്നും അറിയിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പാല്‍ പറഞ്ഞു. രാജ്യത്ത് സാമുദായിക ഐക്യത്തിന് സഹായകമാകുന്നതാണ് നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ