ചെന്നൈ: കേന്ദ്രം പുറപ്പെടുവിച്ച കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിനെതിരെ ക്യാംപസിനകത്ത് നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്ത മദ്രാസ് ഐഐടി വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ സൂരജിനെയാണ് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്. മലപ്പുറം സ്വദേശിയാണ് സൂരജ്. കഴിഞ്ഞ ദിവസം നടന്ന ബീഫ് ഫെസ്റ്റില്‍ അമ്പതോളം വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തിരുന്നത്.
ജനങ്ങളുടെ ഭക്ഷണസ്വാതന്ത്രത്തിനെതിരായ കടന്നുകയറ്റമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചത്.
കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് തടഞ്ഞ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെതിരെ കേരളം മുഴുവനും പ്രതിഷേധം നടന്നിരുന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെ ബീഫ് വിളമ്പി പ്രതിഷേധവും നടന്നു. ഇതിന് പിന്നാലെയാണ് മദ്രാസിലും പ്രതിഷേധം നടന്നത്.
ഇതിനിടെ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നാലാഴ്ച്ചത്തേക്കാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.
രണ്ട് പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച മധുര ബെഞ്ചിന്റേതാണ് തീരുമാനം. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും ഇതിൽ കൈകടത്താന്‍ കേന്ദ്രസർക്കാരിന് എന്ത് അവകാശമാണുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. നാലാഴ്ച്ചയ്ക്കകം കേന്ദ്രവും സംസ്ഥാന സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന് കോടതി അറിയിച്ചു.