ചെന്നൈ: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. നാലാഴ്ച്ചത്തേക്കാണ് കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു.

രണ്ട് പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച മധുര ബെഞ്ചിന്റേതാണ് തീരുമാനം. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണെന്നും ഇതിൽ കൈകടത്താന്‍ കേന്ദ്രസർക്കാരിന് എന്ത് അവകാശമാണുള്ളതെന്നും ഹൈക്കോടതി ചോദിച്ചു. നാലാഴ്ച്ചയ്ക്കകം കേന്ദ്രവും സംസ്ഥാന സര്‍ക്കാരും വിശദീകരണം നല്‍കണമെന്ന് കോടതി അറിയിച്ചു.

കേരളത്തിന് പുറമെ, തമിഴ്നാടും കർണാടകവും പശ്ചിമ ബംഗാളും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമാണ് ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിട്ടുള്ളത്. ഭരണഘടനയെ അടിസ്ഥാനമാക്കി കേന്ദ്രത്തിന്റെ തീരുമാനത്തെ എതിർക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കി. സർക്കാർ വരും പോകും. ജനാധിപത്യവും മതേതരത്വവും തുടരും. ഇത്തരത്തിലുള്ള നിയമങ്ങൾ അടിച്ചേല്പിക്കാൻ പാടില്ല. ഫെഡറൽ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും മമത പറഞ്ഞു.

അതേസമയം, കഴിഞ്ഞ ജനുവരിയിൽ കരട് വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് പൊതുജനാഭിപ്രായം തേടിയപ്പോൾ ആരും എതിർപ്പ് ഉന്നയിച്ചില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കരട് വിജ്ഞാപനത്തിൽ പ്രതികരിച്ച 13 പേരും പുതിയ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുകയാണ് ചെയ്തത്. ഇതേ തുടർന്നാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook