ചെന്നൈ: ‘ക്ഷമിക്കണം, നിങ്ങള്‍ക്ക് നീതി നേടിത്തരുന്നതില്‍ ഞങ്ങള്‍ ഇത്രയും വര്‍ഷം എടുത്തതിന്…’ പരാതിക്കാരിയായ സ്ത്രീയോട് ക്ഷമാപണം നടത്തുന്ന അപൂര്‍വ്വ പ്രവൃത്തിയാണ് മദ്രാസ് ഹൈക്കോടതി ചെയ്തത്. 1993ല്‍ മകന്‍ മരിച്ച അന്ന് മുതല്‍ 24 വര്‍ഷക്കാലമാണ് ഹര്‍ജിക്കാരി നീതി തേടി കോടതി കയറി ഇറങ്ങിയത്.

വാഹനാപകടത്തില്‍ മരിച്ച മകന് ഇന്‍ഷുറന്‍സ് തുകയായ നഷ്ടപരിഹാരത്തിനായാണ് ഇവര്‍ 1993ല്‍ കോടതിയെ സമീപിച്ചത്. 1993 മെയ് മാസത്തിലാണ് അപകടം നടന്നത്. തുടര്‍ന്ന് നഷ്ടപരിഹാത്തുകയായ 3.4 ലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ അറിയിച്ച് ഹര്‍ജി നല്‍കി. എന്നാല്‍ ഈ അപ്പീല്‍ തളളിക്കൊണ്ടാണ് പരാതിക്കാരിയോട് കോടതി ക്ഷമാപണം നടത്തിയത്.

1993 മെയ് 19നാണ് ബക്കിയാം എന്ന സ്ത്രീയുടെ മകന്‍ ലോകേശ്വരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ലോറി ഓടിച്ചിരുന്ന ലോകേശ്വരന്‍ സര്‍ക്കാര്‍ ബസിനിടിച്ചാണ് അപകടം ഉണ്ടായത്. മോട്ടോര്‍വെഹിക്കിള്‍ നിയമപ്രകാരം നഷ്ടപരിഹാരം നേടുന്നതിന് പകരം വര്‍ക്ക് മാന്‍ കോംപന്‍സേഷന്‍ ആക്ട് പ്രകാരമാണ് ബക്കിയാം നഷ്ടപരിഹാരത്തിന് അപേക്ഷിച്ചത്. വര്‍ക്ക്മാന്‍ കോംപന്‍സോഷന്‍ ആക്ട് പ്രകാരം തൊഴിലിടത്ത് വെച്ചുളള അപകടമരണങ്ങള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കുക. ആയതിനാല്‍ ബക്കിയാമിന്റെ അപേക്ഷ തളളിക്കളയുകയായിരുന്നു.

പിന്നീട് ഇത് ചോദ്യം ചെയ്ത് ഹര്‍ജി നല്‍കുന്നതിന് പകരം ബക്കിയാം മോട്ടോര്‍ അപകട നിയമപ്രകാരം നഷ്ടപരിഹാരത്തിന് പുതിയ അപേക്ഷ സമര്‍പ്പിച്ചു. അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി ഈ അപേക്ഷ തളളിക്കളഞ്ഞു. എന്നാല്‍ ലോറി ഉടമയും സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് ട്രിബ്യൂണല്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനെതിരെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി തളളിക്കളഞ്ഞ കോടതി നാല് ആഴ്ച്ചകള്‍ക്കകം നഷ്ടപരിഹാരത്തുക നല്‍കണമെന്നും അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ