ചെന്നൈ: പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്കെതിരെ മദ്രാസ് ഹൈക്കോടതി. സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപടാൻ കിരൺ ബേദിക്ക് അനുവാദമില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. കോൺഗ്രസ്​ എംഎൽഎ ലക്ഷ്​മി നാരായൺ നൽകിയ ഹർജിയിലാണ്​ വിധി. 2016 മേയിൽ അധികാരമേറ്റെടുത്തതു മുതൽ മുഖ്യമന്ത്രി നാരായൺ സ്വാമിയുമായി അധികാര തർക്കം നിലനിൽക്കുകയായിരുന്നു.

പുതുച്ചേരി സർക്കാരിന്റെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വാങ്ങാൻ ലെഫ്റ്റനന്റ് ഗവർണർക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. ഇതും മദ്രാസ് ഹൈക്കോടതി റദ്ദ് ചെയ്തിട്ടുണ്ട്.

പല സർക്കാർ പദ്ധതികളുടെ ഫയലും ലെഫ്റ്റനന്ര് ഗവർണറുടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണെന്നും പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുന്നില്ല എന്നുമായിരുന്നു മുഖ്യമന്ത്രി നാരായൺ സ്വാമിയുടെ ആരോപണം. ഇതിനെതിരെ ഗവർണറുടെ ഓഫീസിന് മുന്നിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സമരവും നടത്തിയിരുന്നു. ആറ് ദിവസമാണ് സമരം നീണ്ടുനിന്നത്.

Also Read: പുതുച്ചേരിയിൽ ഗവർണറും എംഎൽഎയും തമ്മിൽ വേദിയിൽ ഏറ്റുമുട്ടി: വീഡിയോ

ഡൽഹിയിൽ അരവിന്ദ് കേജ്‌രിവാൾ നേതൃത്വം നൽകുന്ന ആം ആദ്മി പാർട്ടി സർക്കാരും സമാനമായ സാഹചര്യം നേരിട്ടിരുന്നു. അന്ന് കോടതി വിധി ഡൽഹി സർക്കാരിന് അനുകൂലമായിരുന്നു. അരവിന്ദ് കേജ്‌രിവാളും പുതുച്ചേരി സർക്കാരിന് പിന്തുണയുമായി എത്തിയിരുന്നു.

ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കുന്നതിൽ ഉൾപ്പടെ മുഖ്യമന്ത്രിയും ലെഫ്റ്റനന്ര് ഗവർണറും അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. കിരൺ ബേദി അടിയന്തരമായി ഹെൽമറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ബോധവത്കരണത്തിന് ശേഷം ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ താൽപര്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook