ചെന്നൈ: തമിഴ്നാട്ടിലെ സ്കൂളുകളിലും എല്ലാ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി. മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ജസ്റ്റിസ് എം വി മുരളീധരനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ ഓഫീസുകള്‍, സ്കൂളുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് വന്ദേമാതരം നിര്‍ബന്ധിതമാക്കിയത്.

സ്കൂളുകളില്‍ തിങ്കളാഴ്ച്ച അല്ലെങ്കില്‍ വെളളിയാഴ്ച്ച ദിവസം ആഴ്ച്ചയില്‍ ഒരു ദിവസമെങ്കിലും ഗാനം ആലപിക്കണം. അതേസമയം, ഓഫീസുകളില്‍ മാസത്തില്‍ ഒരുതവണ ദേശീയഗാനം ആലപിക്കണം. സര്‍ക്കാര്‍- സ്വകാര്യ സ്കൂളുകളില്‍ വെളളി, ശനി ദിവസങ്ങളില്‍ വന്ദേമാതരം ആലപിക്കുന്നുണ്ടെന്ന് സ്കൂള്‍ അധികൃതര്‍ ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

യുവാക്കളാണ് രാജ്യത്തിന്റെ ഭാവിയെന്നും കോടതി ഉത്തരവ് ശരിയായ രീതിയില്‍ തന്നെ എടുക്കുമെന്നാണ് പ്രതീക്ഷയെന്നും ജഡ്ജി പറഞ്ഞു. വന്ദേമാതരം എഴുതിയത് സംസ്കൃതത്തിലാണോ ബംഗാളിയിലാണോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ വീരമണി എന്നയാള്‍ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഉത്തരവിറക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ