ന്യൂഡല്‍ഹി: സ്ഥലം മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ അപേക്ഷ സുപ്രീം കോടതി കൊളീജിയം തള്ളിയതിനെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ.തഹില്‍രമണി രാജിയ്ക്ക്. ജസ്റ്റിസ് വിജയയെ മേഘാലയ ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റിയത്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തഹില്‍രമണി അപേക്ഷ നല്‍കിയിരുന്നു. ഹൈക്കോടതി ജഡ്ജിമാരുടെ കൂട്ടത്തില്‍ മുതിര്‍ന്ന അഭിഭാഷകയാണ് ജസ്റ്റിസ് വിജയ കെ.തഹില്‍രമണി.
രാജിവയ്ക്കുന്നതായി സഹ ജഡ്ജിമാരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് ഹെെക്കോടതിയിലെ അഭിഭാഷകർ സുപ്രീം കോടതിക്ക് കത്തയച്ചിട്ടുണ്ട്.
Read Also: പൊട്ടിക്കരഞ്ഞ് ഡോ.കെ.ശിവന്; കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് നരേന്ദ്ര മോദി, വീഡിയോ
വ്യക്തമായ കാരണം പറയാതെയാണ് ചീഫ് ജസ്റ്റിസ് താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു മാറ്റാൻ കൊളീജിയം തീരുമാനിച്ചത്. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽരമണിയെ രാജ്യത്തെ ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു മാറ്റിയതു ചർച്ചയായിരുന്നു. മേഘാലയ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എ.കെ.മിത്തലിനെയാണ് മദ്രാസ് ഹൈക്കോടതിയിലേക്ക് മാറ്റിയത്.
2020 ഒക്ടോബറിലാണ് തഹില്‍രമണിയുടെ കാലാവധി അവസാനിക്കുക. 2018 ഓഗസ്റ്റ് മുതല്‍ തഹില്‍രമണി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ്. തഹില്‍രമണിയുടെ രാജി സ്വീകരിച്ചാല്‍ രാജ്യത്തെ ഹൈക്കോടതി വനിതാ ചീഫ് ജസ്റ്റിസുമാരുടെ എണ്ണം ഒന്നിലേക്ക് ചുരുങ്ങും. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്താല്‍ മാത്രമാകും അവശേഷിക്കുന്ന വനിതാ ചീഫ് ജസ്റ്റിസ്. ബോംബൈ ഹൈക്കോടതിയിലായിരിക്കെ, 2002-ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബിൽകീസ് ബാനു കൂട്ട പീഡനക്കേസിലെ 11 പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവച്ചത് ജസ്റ്റിസ് തഹിൽ രമണിയാണ്.