ന്യൂഡൽഹി: മധ്യപ്രദേശിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഭാര്യയെ ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് ഇയാളെ ഔദ്യോഗിക ചുമതലകളിൽനിന്ന് മാറ്റിനിർത്തി. വീഡിയോയിൽ, മധ്യപ്രദേശ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (പ്രോസിക്യൂഷൻ) പുരുഷോത്തം ശർമ ഭാര്യയെ ക്രൂരമായി മർദ്ദിക്കുന്നതായാണ് വീഡിയോയിലുള്ളത്.
ഉദ്യോഗസ്ഥനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള ഒരു പദവിയിലിരുന്നുകൊണ്ട് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ആരായാലും അവർക്കെതിരേ നടപടിയെടുക്കുമെന്ന്, ”മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ശർമയിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുകയും ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെ മറുപടി അയയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ സ്വീകരിക്കുക. 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ശർമയെ ഡയറക്ടർ (പബ്ലിക് പ്രോസിക്യൂഷൻ) സ്ഥാനത്ത് നിന്ന് നീക്കാൻ ഉത്തരവ് സംസ്ഥാന ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി അന്നു ഭലവി പുറപ്പെടുവിച്ചു.
Quoting the viral video, Madhya Pradesh home department has called for an explanation from former DG (Prosecution) Purushottam Sharma. Sharma has been asked to send his reply by 5 pm on Sep 29 based on which further course of action will be taken. @IndianExpress pic.twitter.com/jWbQINYc1V
— Iram Siddique (@Scribbly_Scribe) September 28, 2020
ശർമയുടെ മകനും ആദായനികുതി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണറുമായ പാർത്ത് സംസ്ഥാന ആഭ്യന്തരമന്ത്രി നരോട്ടം മിശ്രയ്ക്കും ചില മുതിർന്ന ഉദ്യോഗസ്ഥർക്കും വീഡിയോ ദൃശ്യങ്ങൾ അയക്കുകയും പിതാവിനെതിരെ പരാതി രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറത്തുവന്നത്.
32 വർഷമായി വിവാഹിതനായ ശർമ ഇത് തന്റെ കുടുംബ തർക്കമാണെന്നും കുറ്റകൃത്യമല്ലെന്നും അവകാശപ്പെട്ടു. ഭാര്യ തന്നെ പിന്തുടർന്ന് വീട്ടിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഇയാൾ പറഞ്ഞു. ശർമക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭാര്യ കണ്ടെത്തിയതോടെയാണ് സംഭവങ്ങൾ അരങ്ങേറിയത്.
Our Chairperson @sharmarekha has written to @ChouhanShivraj seeking appropriate punishment against Special DG #PurushottamSharma for abusing his wife. Such incidents send a wrong message to the society. @NCWIndia is aware that the senior official has been relieved of his duties. https://t.co/Mv8zd3P4Yy
— NCW (@NCWIndia) September 28, 2020
“ഞങ്ങൾ വിവാഹിതരായിട്ട് 32 വർഷമായി. 2008 ൽ അവർ എനിക്കെതിരെ പരാതിപ്പെട്ടിരുന്നു. 2008 മുതൽ അവർ എന്റെ വീട്ടിൽ താമസിക്കുന്നു, എല്ലാ സൗകര്യങ്ങളും ആസ്വദിക്കുകയും എന്റെ ചെലവുകളൽ വിദേശയാത്ര നടത്തുകയും ചെയ്യുന്നു,” ശർമ്മ പറഞ്ഞു.
“എന്റെ സ്വഭാവം മോശമാണെങ്കിൽ അവൾ നേരത്തെ പരാതിപ്പെടേണ്ടതായിരുന്നു. ഇതൊരു കുടുംബ തർക്കമാണ്, കുറ്റകൃത്യമല്ല. ഞാൻ അക്രമാസക്തനോ കുറ്റവാളിയോ അല്ല. എനിക്ക് ഇതിലൂടെ കടന്നുപോകേണ്ടത് നിർഭാഗ്യകരമാണ്. എന്റെ ഭാര്യ എന്നെ പിന്തുടർന്ന് വീട്ടിൽ ക്യാമറകൾ വച്ചിട്ടുണ്ട്,” ശർമ്മ അവകാശപ്പെട്ടു.
സംഭവത്തിൽ “രേഖാമൂലം പരാതി വന്നാൽ അത് പരിശോധിക്കും,” എന്നും “ഞാനത് (വീഡിയോ) കണ്ടു,” എന്നും ശർമയ്ക്കെതിരേ എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിന് ആഭ്യന്തര മന്ത്രി മറുപടി നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്തു.
സംഭവം അങ്ങേയറ്റം ആക്ഷേപകരവും ലജ്ജാകരവുമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ശോഭാ ഓഝ പറഞ്ഞു. ശർമയ്‌ക്കെതിരെ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടി അനുചിതമാണെന്നും അയാളെ ഉടൻ പുറത്താക്കണമെന്നും അവർ പറഞ്ഞു.
അയാൾക്കെതിരേ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നും ശോഭാ ഓഝ പറഞ്ഞു.