സിന്ധ്യയുടെ രാഷ്ട്രീയ കളി മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജ്യോതിയണയ്ക്കുമോ?

മധ്യപ്രദേശ് നിയമസഭയിലെ 22 കോൺഗ്രസ് എംഎൽഎമാർ ജ്യോതിരാദിത്യ സിന്ധ്യയെ പിന്തുണച്ച് രാജിവച്ചിട്ടുണ്ട്

ഭോപ്പാൽ: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭാവി തുലാസിലാക്കുന്നു. സിന്ധ്യയെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് കമല്‍നാഥ് മന്ത്രിസഭയുടെ ഭൂരിപക്ഷം നഷ്ടമായിട്ടുണ്ട്.
കർണാടകയ്‌ക്കു പിന്നാലെ മധ്യപ്രദേശിലും കോൺഗ്രസ് സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കാതെ നിലംപതിച്ചാൽ അത് പാർട്ടി കേന്ദ്ര നേതൃത്വത്തിനു വലിയ തിരിച്ചടിയാകും.

മധ്യപ്രദേശ് നിയമസഭയിലെ 22 കോൺഗ്രസ് എംഎൽഎമാരാണ്‌ സിന്ധ്യയെ പിന്തുണച്ച് രാജിവച്ചത്. ഇവർ സ്വീകരിക്കുന്ന നിലപാട് കമൽനാഥ് സർക്കാരിന്റെ ഭാവി തീരുമാനിക്കും. ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ. സിന്ധ്യക്കൊപ്പം രാജിവച്ച എംഎൽഎമാരും ബിജെപിയിൽ ചേര്‍ന്നേക്കുമെന്ന സൂചനയുണ്ട്.

ആകെ 230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. രണ്ട് എംഎൽഎമാരുടെ നിര്യാണത്തെ തുടർന്ന് രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ഇപ്പോൾ ആകെയുള്ള 228 എംഎല്‍എമാരാണുള്ളത്.  കോണ്‍ഗ്രസിന് 114 എംഎല്‍എമാരാണുണ്ടായിരുന്നത്. നാല് സ്വതന്ത്രർ, രണ്ട് ബിഎസ്‌പി, ഒരു എസ്‌പി എംഎൽഎമാരുടെ അടക്കം 121 പേരുടെ പിന്തുണയാണ് കമൽനാഥ് സർക്കാരിനുണ്ടായിരുന്നത്. ബിജെപിക്ക് 107 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.

Read Also: ഊട്ടുതിരുന്നാളുകള്‍ ഒഴിവാക്കണം, രൂപങ്ങള്‍ തൊട്ടുമുത്തരുത്; ദേവാലയങ്ങൾക്ക് കർശന നിർദേശം

22 എംഎൽഎമാര്‍ രാജിവച്ചതോടെ സർക്കാരിന്റെ ഭൂരിപക്ഷം 99 ആയി കുറഞ്ഞു. 22 എംഎൽഎമാർ രാജിവച്ച സാഹചര്യത്തിൽ നിയമസഭയിലെ ആകെ എംഎല്‍എമാരുടെ എണ്ണം 206 ആകും. കേവല ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം 104 ആകും. ഈ സാഹചര്യത്തില്‍ 107 എംഎൽഎമാരുള്ള ബിജെപിക്ക്  ന്യൂനപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാനാകും.

രാജിവച്ച സിന്ധ്യ അനുകൂലികളില്‍ ആറ് മന്ത്രിമാരുമുണ്ട്. ഇവരെ മന്ത്രിസഭയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കമൽനാഥ് ഗവർണർക്ക് കത്ത് നൽകിയിരുന്നു.

മധ്യപ്രദേശിൽ നിന്ന് സിന്ധ്യയെ രാജ്യസഭാ എംപിയാക്കാനാണ് ബിജെപിയിൽ ആലോചന. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സിന്ധ്യയുടെ രാജ്യസഭാ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തിട്ടുണ്ട്.

ഇന്ന് രാവിലെ രാജിക്കത്ത് നൽകിയ സിന്ധ്യയെ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് സിന്ധ്യയെ പുറത്താക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി.നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സിന്ധ്യയുടെ രാജിപ്രഖ്യാപനം. കോൺഗ്രസിൽ നിന്നുകൊണ്ട് തനിക്ക് സംസ്ഥാനത്തെ ജനങ്ങൾക്കായി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് സിന്ധ്യ രാജിക്കത്തിൽ പറയുന്നു.

രാജ്യസഭ സീറ്റിനെ ചൊല്ലിയുളള തർക്കമാണ് മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ടു രാജ്യസഭാ സീറ്റിൽ ഒന്ന് തനിക്കു നൽകണമെന്നും അല്ലെങ്കിൽ പാർട്ടി മധ്യപ്രദേശ് ഘടകത്തിന്റെ അധ്യക്ഷനാക്കണമെന്നുമാണ് സിന്ധ്യയുടെ ആവശ്യം. എന്നാൽ സിന്ധ്യയ്ക്ക് സീറ്റ് നൽകുന്നതിനോടു കോൺഗ്രസിനു യോജിപ്പില്ല. സീറ്റ് നൽകിയില്ലെങ്കിൽ തനിക്കൊപ്പമുളള എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്ന് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനാണ് സിന്ധ്യയുടെ നീക്കമെന്നാണു സൂചന.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Madhyapradesh political drama kamal nath govt teeters on edge after scindia quits congress

Next Story
കൊറോണ രോഗികളില്‍ എച്ച്ഐവി മരുന്ന് പ്രയോഗിച്ച് ഇന്ത്യcorona,കൊറോണ, coronavirus, കൊറോണ വൈറസ്, coronavirus symptoms, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com