ഭോപ്പാൽ: മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികളായ 22 എംഎല്‍എമാരുടെ രാജിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നേരിടും. കമല്‍നാഥിനോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്ന ബിജെപിയുടെ ഹര്‍ജിയിലാണ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സുപ്രീംകോടതി കമല്‍നാഥിനോട് ആവശ്യപ്പെട്ടത്.

ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി ഭൂരിപക്ഷം തെളിയിക്കണം.  ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢും ഹേമന്ത് ഗുപ്തയുമടങ്ങുന്ന ബഞ്ചാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദ്ദേശിച്ചത്.വിശ്വാസ വോട്ടെടുപ്പിനായി ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭ ചേരും.

ഇതോടെ സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് അവസാനം കുറിയ്ക്കുമെന്ന് ഉറപ്പായി. കോൺഗ്രസ് സർക്കാരിനു ഏറെ വെല്ലുവിളി ഉയർത്തുന്നതാണ് ഇന്നത്തെ വിശ്വാസ വോട്ടെടുപ്പ്. സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് സംസ്ഥാനത്ത് പ്രതിസന്ധി ഉടലെടുത്തത്.

22 എംഎൽഎമാർ രാജിവച്ച സാഹചര്യത്തിൽ കമൽനാഥ് സർക്കാരിനു ഭരണത്തിൽ തുടരാൻ സാധിക്കുമോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ വന്നാൽ കമൽനാഥിനു രാജിവയ്‌ക്കേണ്ടി വരും. വിശ്വാസ വോട്ടെടുപ്പിനു മുൻപ് കമൽനാഥ് രാജിവയ്‌ക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. സഭാ നടപടികളുടെ വീഡിയോ ചിത്രീകരണം നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്ക് കമൽനാഥ് മാധ്യമങ്ങളെ കാണുന്നുണ്ട്. വാർത്താസമ്മേളനത്തിൽ കമൽനാഥ് രാജി പ്രഖ്യാപിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതേസമയം, രാജിവച്ച 22 എംഎല്‍എമാരില്‍ 16 പേരുടെ രാജി സ്പീക്കര്‍ അംഗീകരിച്ചു. ഇവരുടെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ രാജി അംഗീകരിച്ചതോടെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 108-ല്‍ നിന്നും 92 ആയി കുറഞ്ഞു. ആറ് മന്ത്രിമാര്‍ നേരത്തേ രാജിവച്ചിരുന്നു.

Read Also: നാല് പേരെ ഒന്നിച്ചു തൂക്കിലേറ്റുന്നത് ചരിത്രത്തിൽ ആദ്യം; പ്രതികൾ ഭക്ഷണം നിരസിച്ചു

നിയമസഭയിലെ വോട്ടെടുപ്പിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. വിമത എംഎല്‍എമാര്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടണമെന്നും അതിനുശേഷം വിശ്വാസവോട്ടെടുപ്പ് നടത്താമെന്നും കോണ്‍ഗ്രസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ബിജെപി പണവും ശാരീരിക ശക്തിയും ഉപയോഗിച്ച് ജനാധിപത്യത്തെ റാഞ്ചുകയാണെന്നാണ് കോൺഗ്രസ് വിമർശനം.

ആകെ 230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. രണ്ട് എംഎൽഎമാരുടെ നിര്യാണത്തെ തുടർന്ന് രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ഇപ്പോൾ ആകെയുള്ള 228 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 114 എംഎല്‍എമാരാണുണ്ടായിരുന്നത്. നാല് സ്വതന്ത്രർ, രണ്ട് ബിഎസ്‌പി, ഒരു എസ്‌പി എംഎൽഎമാരുടെ അടക്കം 121 പേരുടെ പിന്തുണയാണ് കമൽനാഥ് സർക്കാരിനുണ്ടായിരുന്നത്. ബിജെപിക്ക് 107 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.

Read Also: Horoscope Today March 20, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

കേവല ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം 104 ആകും. ഈ സാഹചര്യത്തില്‍ 107 എംഎൽഎമാരുള്ള ബിജെപിക്ക് ന്യൂനപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാനാകും.

Read in English Here 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook