ഭോപ്പാല്‍: വോട്ടിങ് മെഷീനിൽ അട്ടിമറി നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ ഭോപ്പാലിലെ പൊലീസ് കാന്റീനില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തെരഞ്ഞെടുപ്പ് ചുമതലയ്ക്കായി എത്തിച്ച പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് ദിവസമായി പോസ്റ്റൽ ബാലറ്റുകൾ തുറന്ന നിലയിൽ ഇവിടെ കിടക്കുകയായിരുന്നു.  നവംബർ 18 നാണ് സംസ്ഥാനത്ത് പോസ്റ്റൽ ബാലറ്റ് വഴി തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ 10 ന് വോട്ടിങ് മെഷീൻ സൂക്ഷിപ്പ് കേന്ദ്രത്തിലേക്ക് എത്തേണ്ടതാണ് ഇവ.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന പൊലീസുകാർക്ക് മാത്രമായി 4000 ത്തോളം പോസ്റ്റൽ ബാലറ്റുകളാണ് എത്തിച്ചിരുന്നത്.  പൊലീസ് കാന്റീനിൽ ഉപയോഗിച്ച മൂന്ന് പോസ്റ്റൽ ബാലറ്റുകളാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഉപയോഗിക്കാതെ ഉപേക്ഷിച്ച 250 ബാലറ്റുകൾ വേറെയും ഉണ്ടായിരുന്നു.

മൂന്നു ദിവസമായി കാന്റീനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പോസ്റ്റല്‍ ബാലറ്റുകളെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു. സംഭവത്തില്‍ ഭോപ്പാല്‍ ജില്ലാ കലക്ടറും ജില്ലാ റിട്ടേണിങ് ഓഫീസര്‍ സുധാമ ഖാദെയും അന്വേഷണത്തിന് ഉത്തരവിട്ടു.

ബിജെപി നേതാവും ആഭ്യന്തര മന്ത്രിയുമായ ഭൂപേന്ദ്ര സിങ്ങിന്റെ ഹോട്ടലിൽ വോട്ടിങ് മെഷീനുകളുമായി തങ്ങിയ പോളിങ് ഓഫീസർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. സംഭവത്തിന് പിന്നാലെ വലിയ വിവാദമാണ് ഉടലെടുത്തത്. ഇതിന് പുറമെ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ച സ്ഥലത്ത് സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമായി. ഇതേ തുടർന്ന് സ്ട്രോങ് റൂമിന്റെ ലൈവ് പ്രദർശനം ഒരു മണിക്കൂറോളം തടസപ്പെട്ടു.

ഇതിനിടെ രാജസ്ഥാനോട് ചേർന്ന അതിർത്തി പ്രദേശത്തെ പോളിങ് ബൂത്തിൽ 104 ശതമാനം പോളിങ് രേഖപ്പെടുത്തിയതായും വാർത്തകൾ വന്നു. ഇതിനെല്ലാം ശേഷം  സത്‌നയില്‍ സ്‌ട്രോങ് റൂമില്‍ വാഹനം വന്നിടിച്ച സംഭവമുണ്ടായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook