ഭോപ്പാല്‍: മധ്യപ്രദേശില്‍ കൊറോണ വൈറസ് ബാധ ചൂണ്ടിക്കാണിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ സ്‌പീക്കര്‍ എൻ.പി.പ്രജാപതി തല്‍ക്കാലത്തേക്ക് സംരക്ഷിച്ചുവെങ്കിലും അധികാരം പിടിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങള്‍ തുടരുന്നു. ഇന്ന് രാവിലെ നിയമസഭ ചേര്‍ന്നപ്പോള്‍ സ്‌പീക്കര്‍ വിശ്വാസ വോട്ടെടുപ്പിന് തയ്യാറാകാതെ സഭ മാര്‍ച്ച് 26 വരെ ചേരുന്നത് മാറ്റിവച്ചു. ഇതേതുടര്‍ന്ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സുപ്രീം കോടതിയെ സമീപിച്ചു. 12 മണിക്കൂറിനകം വോട്ടെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഒൻപത് എംഎല്‍എമാരുമാണ് കോടതിയെ സമീപിച്ചത്.

കൂടാതെ ബിജെപി 106 എംഎല്‍എമാരെ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനു മുന്നില്‍ ഹാജരാക്കി. കോണ്‍ഗ്രസിന് 92 എംഎല്‍എമാരുടെ പിന്തുണേയുള്ളൂവെന്ന് ആരോപിച്ച ബിജെപി മുഖ്യമന്ത്രി യുദ്ധമുന്നണിയില്‍ നിന്നും ഒളിച്ചോടുകയാണെന്നും കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ കൊറോണ മഹാമാരിയെ ചൂണ്ടിക്കാണിച്ച് സ്‌പീക്കര്‍ സഭ പിരിഞ്ഞപ്പോള്‍ ബിജെപി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഉയര്‍ത്തിക്കാണിച്ചു. കത്ത് ഇടപാടുകള്‍ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലാണെന്ന് സ്പീക്കര്‍ പറഞ്ഞു. സഭയിലെ എല്ലാവരും നിയമം പാലിക്കണമെന്നും മധ്യപ്രദേശിന്റെ മാന്യതയെ സംരക്ഷിക്കണമെന്നും സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ച ഗവര്‍ണര്‍ പറഞ്ഞു.

കൊറോണ ഭീതിയെ തുടര്‍ന്ന് മാസ്‌ക് ധരിച്ച മുഖ്യമന്ത്രി കമല്‍നാഥാണ് ഗവര്‍ണറെ സഭയിലേക്ക് ആനയിച്ചത്. കോണ്‍ഗ്രസിന്റെ എംഎല്‍എമാരും മാസ്‌ക് ധരിച്ചപ്പോള്‍ ബിജെപി എംഎല്‍എമാര്‍ മാസ്‌ക് ധരിച്ചിരുന്നില്ല.

വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നുള്ള ഗവര്‍ണറുടെ ആവശ്യം അദ്ദേഹത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ക്ക് പുറത്താണെന്നും സ്‌പീക്കറുടെ പ്രവര്‍ത്തനങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുകയാണെന്നും മുഖ്യമന്ത്രി രാവിലെ ഗവര്‍ണറെ ധരിപ്പിച്ചിരുന്നു.

Read Also: ഗർഭിണികളിൽ കൊറോണ വൈറസ് കൂടുതൽ അപകട സാധ്യതയുണ്ടാക്കില്ലെന്ന് പഠനം

അതേസമയം, ബിജെപി ഗവര്‍ണര്‍ക്ക് മുന്നില്‍ അണിനിരത്തിയ എംഎല്‍എമാരില്‍ മെയ്ഹറില്‍ നിന്നുള്ള നാരായണന്‍ ത്രിപാഠിയില്ല. ബിജെപി എംഎല്‍എയായ ത്രിപാഠി കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒരു നിയമം വോട്ടിനിട്ടപ്പോള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. ബിജെപി ഹാജരാക്കിയ പട്ടികയിലും ത്രിപാഠിയുടെ പേരില്ല.

അതേസമയം, ത്രിപാഠി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. മെയ്ഹറെ ജില്ലയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടാനാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതെന്നാണ് വിശദീകരണം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയെ അർധ രാത്രിയില്‍ കണ്ടപ്പോഴും ഇതേ ആവശ്യം ഉന്നയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്നും ജോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 22 എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചതുമാണ് കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook