ഭോപ്പാല്‍: വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊടുവിൽ മധ്യപ്രദേശ് ഇന്ന് പോളിങ് ബൂത്തിലേക്ക്. പ്രചാരണത്തിന്റെ അവസാനഘട്ടങ്ങളിൽ കോൺഗ്രസിന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുക മാത്രം ചെയ്ത ബിജെപിക്ക് തിരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാക്കാനാവുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിലും കോൺഗ്രസിന് ജയം എളുപ്പമല്ല. ജ്യോതിരാദിത്യ സിന്ധ്യയായിരുന്നു കോൺഗ്രസിന്റെ പ്രധാന താരം. ലോക്‌സഭാംഗമായ സിന്ധ്യ മത്സരിക്കുന്നില്ലെങ്കിലും അനുകൂലമായ ഫലം ഉണ്ടായാൽ കോൺഗ്രസ് മുഖ്യമന്ത്രിയാക്കുക ഇദ്ദേഹത്തെയാവും.

അതേസമയം, മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്റെ ജനപിന്തുണയിൽ വിശ്വാസമർപ്പിച്ചാണ് ബിജെപിയുടെ മുന്നോട്ട് പോക്ക്. എന്നാൽ വ്യാപം അഴിമതി കേസടക്കം എങ്ങിനെ തിരിച്ചടിക്കുമെന്ന് ബിജെപിയെയും ആശങ്കയിലാക്കുന്നുണ്ട്. തുടർച്ചയായി മധ്യപ്രദേശിന്റെ അധികാരം കൈയ്യാളുന്ന ബിജെപിയും കൈയ്യും മെയ്യും മറന്നാണ് തിരഞ്ഞെടുപ്പ് പര്യടനത്തിനിറങ്ങിയത്.

വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന ഡോ.ആനന്ദ് റായിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത് മധ്യപ്രദേശില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പുറമെ  കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‍വിജയ് സിങ് ഉൾപ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും ഇത്തവണ മത്സരിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

മുഖ്യമന്ത്രിയും സംസ്ഥാന ബിജെപിയിൽ അതികായനുമായ ശിവ്‌രാജ് സിങ് ചൗഹാന്റെ മരുമകൻ സഞ്ജയ് സിങ് മസാനി എതിർപാളയത്തിലാണ്. വാരാസിയോണിയിലാണ് ഇദ്ദേഹം മത്സരിക്കുന്നത്.  ബിജെപിയുടെ സിറ്റിങ് സീറ്റായ ഇവിടെ യോഗേന്ദ്ര നിര്‍മലിനെയാണ് ബിജെപി വീണ്ടും സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്.

ഭോപ്പാൽ നോര്‍ത്ത് മണ്ഡലത്തിൽ ഫാത്തിമ റസൂൽ സിദ്ദിഖിയാണ് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന ഏക മുസ്‌ലിം സ്ഥാനാർത്ഥി.   വിജയസാധ്യത നോക്കി മാത്രമാണ് ബിജെപി സീറ്റ് നൽകിയത്. ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായിരുന്നെങ്കിലും അവസാനഘട്ടത്തിൽ കോൺഗ്രസ് ആരോപണങ്ങളെ ചെറുക്കേണ്ടി വന്നത് ബിജെപിയെ പിന്നിലാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook