ഭോപ്പാൽ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നടപ്പിലാക്കാനുള്ള നിയമനിര്‍മ്മാണ പത്രിക അസംബ്ലിയിലെ വര്‍ഷ കാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു.

‘അസംബ്ലിയില്‍ പാസ്സാക്കി കഴിഞ്ഞാല്‍ അത് രാഷ്ട്രപതിയുടെ അനുമതിക്കായി അയക്കു’ മെന്ന് സംസ്ഥാന പൊലീസ് അക്കാദമിയുടെ ജോയിന്റ് കോണ്‍വൊക്കേഷനില്‍ പങ്കെടുത്ത ചൗഹാന്‍ പറഞ്ഞു. പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധ ശിക്ഷ നടപ്പിലാക്കുന്നതിനെക്കുറിച്ച് മുന്‍പ് പലതവണ അദ്ദേഹം സംസാരിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് അതിന്‍റെ നിയമനിര്‍മാണ ശ്രമങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്.

‘നാടിന്‍റെ വികസനത്തിന്‍റെ അളവ് കോലാണ് നല്ല ക്രമ സമാധാന വ്യവസ്ഥ. അതിന്‍റെ ചുമതല പൊലീസിനാണ്.’ ചൗഹാന്‍ പറഞ്ഞു. പൊലീസില്‍ 30,000ത്തോളം പുതിയ തസ്തികകള്‍ ചേര്‍ക്കാനുള്ള അനുമതിയും നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭോപാല്‍ – ഉജ്ജയി ട്രെയിന്‍ സ്ഫോടന കേസില്‍ നടന്ന പൊലീസ് അന്വേഷണത്തിനെ അഭിനന്ദിച്ച ചൗഹാന്‍ പൊലീസില്‍ സ്ത്രീകള്‍ക്കുള്ള സംവരണത്തെക്കുറിച്ചും പരാമര്‍ശിച്ചു.

‘സ്ത്രീകള്‍ പുരുഷന്മാരെക്കാളും ഒരുതരത്തിലും കുറഞ്ഞവരല്ല, അതുകൊണ്ടാണ് മൂന്നിലൊന്ന് തസ്തികകള്‍ അവര്‍ക്കായി നീക്കി വയ്ക്കപ്പെട്ടിരിക്കുന്നത്.’ ചൗഹാന്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് ഏതു സമയവും സ്വൈരമായും സ്വതന്ത്രമായും സഞ്ചരിക്കാനുള്ള അവസ്ഥ സൃഷ്ടിച്ചെടുക്കാനും അദ്ദേഹം പൊലീസിനോട് ആഹ്വാനം ചെയ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook