ഭോപ്പാൽ: കർഷക ആത്മഹത്യയെ പരിഹസിച്ച് മധ്യപ്രദേശിലെ ബിജെപി എംഎൽഎ. കർഷകർ ആത്മഹത്യ ചെയ്യുന്നത് ദാരിദ്ര്യം കൊണ്ടോ കടബാധ്യത കൊണ്ടോ അല്ലെന്നും സർക്കാർ സബിസിഡി നേടിയെടുക്കാൻ വേണ്ടിയാണെന്നും ബിജെപി എംഎൽഎ രാമേശ്വർ ശർമ പറഞ്ഞു. ഒരു യഥാർഥ കർഷകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ആത്മഹത്യ ചെയ്തവരിൽ കർഷകരുണ്ടോയെന്നു പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കർഷകരുടെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്തുമെന്നും അവരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷ അമിത് ഷായും ഉറപ്പു നൽകിയതിനുപിന്നാലെയാണ് ബിജെപി നേതാവിന്റെ പരിഹാസം. ഇതിനു മുൻപ് ബിജെപി എംപി ഗോപാൽ ഷെട്ടിയും കർഷകരെ കളിയാക്കിയിരുന്നു. കർഷകരുടെ ആത്മഹത്യ ഒരു ഫാഷൻ ട്രെൻഡായി മാറിയിരിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

കഴിഞ്ഞ ഏതാനും വർഷങ്ങളായി കർഷക ആത്മഹത്യ രാജ്യത്ത് വർധിച്ചിട്ടുണ്ട്. 2014 ൽ 5,650 കർഷകരും 2015 ൽ 8,000 കർഷകരും ആത്മഹത്യ ചെയ്തതായാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ