ഭോപ്പാൽ: മധ്യപ്രദേശിൽ ഗവർണറെ തള്ളി, സ്പീക്കർ വിശ്വാസ വോട്ടെടുപ്പിനുള്ള അനുമതി നിഷേധിച്ചു. എന്നാൽ നിയമസഭാ സമ്മേളനം ഇന്ന് തുടങ്ങും. ഗവർണർ ലാൽജി ടണ്ടന്റെ നയപ്രഖ്യാപന പ്രസംഗമാണ് പ്രധാന അജണ്ട. കമൽനാഥ് സർക്കാരിനെതിരെ ബിജെപി ഇതുവരെയും അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിട്ടില്ല.

കോൺഗ്രസ് സർക്കാർ ന്യൂനപക്ഷമാണെന്നും ജനാധിപത്യ തത്വങ്ങൾ സംരക്ഷിക്കണമെന്നും പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഗവർണർ ലാൽജി ടണ്ടൻ ശനിയാഴ്ച മുഖ്യമന്ത്രി കമൽനാഥിന് അയച്ച കത്തിൽ പറഞ്ഞിരുന്നു. തിങ്കളാഴ്ച ഗവർണറുടെ പ്രസംഗം കഴിഞ്ഞാൽ കമൽനാഥ് ഉടൻ തന്നെ സഭയുടെ വിശ്വാസം നേടണം. “നടപടികൾ തിങ്കളാഴ്ച ആരംഭിക്കും, ഒരു സാഹചര്യത്തിലും ഇത് റദ്ദാക്കപ്പെടുകയോ കാലതാമസം വരുത്തുകയോ താൽക്കാലികമായി നിർത്തിവയ്ക്കുകയോ ചെയ്യില്ല,” എന്ന് ഗവർണർ പറഞ്ഞിരുന്നു.

Read More: കോവിഡ് 19: എച്ച്ഐവി ചികിത്സ വിജയം കണ്ടു, ഇറ്റാലിയൻ ദമ്പതികൾ രോഗവിമുക്തരായി

എന്നാൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവർണറുടെ ഉത്തരവ് സ്പീക്കർ പി.പ്രജാപതി തള്ളി. താൻ കൊറോണ വൈറസിന്റെ വ്യാപനത്തിലാണ് ഇപ്പോൾ കൂടുതൽ ആശങ്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

22 എംഎല്‍എമാര്‍ രാജിവച്ചതോടെ കമല്‍നാഥ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നും ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് തുടര്‍ന്നുഭരിക്കാന്‍ ഭരണഘടനാപരമായ അവകാശമില്ലെന്നും ചൂണ്ടിക്കാട്ടി ബിജെപി ഗവർണറെ കണ്ടിരുന്നു. മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, നരോത്തം മിശ്ര, രാംപാല്‍ സിങ്, ഭൂപേന്ദ്ര സിങ് തുടങ്ങിയ നേതാക്കളുടെ സംഘവും ഗവർണറെ കണ്ടിരുന്നു.

ആകെ 230 സീറ്റുകളാണ് മധ്യപ്രദേശ് നിയമസഭയിലുള്ളത്. രണ്ട് എംഎൽഎമാരുടെ നിര്യാണത്തെ തുടർന്ന് രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ഇപ്പോൾ ആകെ 228 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന് 114 എംഎല്‍എമാരാണുണ്ടായിരുന്നത്. നാല് സ്വതന്ത്രർ, രണ്ട് ബിഎസ്‌പി, ഒരു എസ്‌പി എംഎൽഎമാരുടെ അടക്കം 121 പേരുടെ പിന്തുണയാണ് കമൽനാഥ് സർക്കാരിനുണ്ടായിരുന്നത്. ബിജെപിക്ക് 107 എംഎൽഎമാരുടെ പിന്തുണയാണുള്ളത്.

22 എംഎൽഎമാര്‍ രാജിവച്ചതോടെ സർക്കാരിന്റെ ഭൂരിപക്ഷം 99 ആയി കുറഞ്ഞു. 22 എംഎൽഎമാർ രാജിവച്ച സാഹചര്യത്തിൽ നിയമസഭയിലെ ആകെ എംഎല്‍എമാരുടെ എണ്ണം 206 ആകും. കേവല ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം 104 ആകും. ഈ സാഹചര്യത്തില്‍ 107 എംഎൽഎമാരുള്ള ബിജെപിക്ക് ന്യൂനപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാരിനെ മറിച്ചിടാനാകും. രാജിവച്ച സിന്ധ്യ അനുകൂലികളില്‍ ആറ് മന്ത്രിമാരുമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook