ഭോപ്പാല്‍: പീഡനക്കേസിലെ പ്രതി കോടതിയില്‍ നിന്നും ഇറങ്ങിയോടിയതോടെ പുലിവാല് പിടിച്ച് പൊലീസ്. വിധി പറഞ്ഞതിന് പിന്നാലെയാണ് പ്രതി ഇറങ്ങിയോടിയത്. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പ്രാദേശിക കോടതി ജഡ്ജി പ്രതിക്ക് ശിക്ഷ വിധിച്ചു.

10 വര്‍ഷം തടവും 7,000 രൂപ പിഴയും ആണ് കോടതി വിധിച്ചത്. വിധി പ്രസ്താവിച്ചത് കേട്ടുനിന്ന പ്രതി ഉടന്‍ തന്നെ പൊലീസുകാരെ കബളിപ്പിച്ച് കോടതിയില്‍ നിന്നും ഇറങ്ങിയോടി. ജഡ്ജിയും കോടതിയില്‍ കൂടിയവരും നോക്കി നില്‍ക്കെ പൊലീസും പിന്നാലെ പാഞ്ഞു. എന്നാല്‍ ഇയാളെ പിടികൂടാനായില്ല. ചൊവ്വാഴ്ച വൈകിട്ട് ബര്‍വാനിയിലെ പ്രാദേശിക കോടതിയിലാണ് നാടകീയമായ സംഭവങ്ങള്‍ നടന്നത്.

28കാരനായ വിജയ് സോളങ്കിയാണ് പ്രതി. പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് ഇയാളെ കോടതിയില്‍ പൊലീസ് ഹാജരാക്കിയത്. 10 വര്‍ഷം തടവെന്ന് കേട്ടയുടനെ അസ്വസ്ഥനായ പ്രതി ഇറങ്ങി ഓടുകയായിരുന്നു. സംഭവത്തില്‍ കോടതി പൊലീസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. പ്രതിയെ കോടതിയില്‍ എത്തിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷ പാലിച്ചില്ലെന്നാണ് ആക്ഷേപം.

സംഭവത്തില്‍ ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. പ്രദേശത്തെ ലോഡ്ജുകളും വനപ്രദേശങ്ങളും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തി. പ്രതിയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ കേസ്. 2015 ലാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രാജ്പൂര്‍ പൊലീസാണ് കേസെടുത്ത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ ഇറങ്ങി. പിന്നീടാണ് കോടതിയില്‍ വിധി കേള്‍ക്കാനായി ഹാജരാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ