/indian-express-malayalam/media/media_files/uploads/2023/09/modi-3.jpg)
ഭോപ്പാലിൽ ബിജെപി പ്രവർത്തകരുടെ കാര്യകർത്ത മഹാകുംഭ് പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി PHOTO: X/ Narendra MODI
വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര സിംഗ് തോമർ, പ്രഹ്ലാദ് സിംഗ് പട്ടേൽ, ഫഗ്ഗൻ സിംഗ് കുലസ്‌തെ എന്നീ മൂന്ന് കേന്ദ്രമന്ത്രിമാരെയും നാല് എംപിമാരെയും മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനം പുറത്തുവന്നപ്പോൾ അത് പലരെയും അമ്പരപ്പിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഒരു പുതിയ നേതൃത്വത്തെ കുറിച്ച് പാർട്ടി ആലോചിച്ചേക്കാം എന്ന സൂചനയാണിത് നൽകുന്നത്.
അപ്രതീക്ഷിതമായ ഈ പട്ടികയിൽ, മധ്യപ്രദേശിന് പുതിയൊരു മുഖ്യമന്ത്രി എന്നൊരു തോന്നൽ ഉളവാക്കുന്നുണ്ട്. ഒന്നുകിൽ ശിവരാജ് സിങ് ചൗഹാനെ സ്ഥാനാർത്ഥിയാക്കരുതെന്നും അല്ലെങ്കിൽ അദ്ദേഹത്തിനെതിരായ ഭരണവിരുദ്ധ ഘടകത്തെ ചെറുക്കുന്നതിന് നേതൃനിരയിൽ നിന്ന് പുതിയ ഒരാളെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാമെന്നും ബിജെപി സൂചന നൽകി.
മധ്യപ്രദേശിൽ ബി ജെ പി ആവിഷ്‌ക്കരിക്കുന്ന ഈ തന്ത്രം പൂർണ്ണമായും പുതിയതല്ല, പക്ഷേ പുതിയ ഘടകങ്ങൾ ഇതിൽ ഉണ്ടായിരിക്കാം. 2003 ലെ മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ, അന്നത്തെ കോൺഗ്രസ് മുഖ്യമന്ത്രി ദിഗ്‌വിജയ സിംഗിനെതിരെ രഘോഗഢിൽ നിന്ന് മത്സരിക്കാൻ അന്ന് ലോക്‌സഭാ എംപിയായിരുന്ന ശിവരാജ് സിങ് ചൗഹാനോട് ആവശ്യപ്പെട്ടു. നാല് തവണ എം പിയായിരുന്ന ചൗഹാൻ നിയമസഭയിലേക്കുള്ള മത്സരത്തിൽ തോറ്റുവെങ്കിലും ബിജെപി വിജയിച്ചു. 2004-ൽ ചൗഹാനെ വീണ്ടും ലോക്‌സഭയിലേക്ക് അയച്ചു, അടുത്ത വർഷം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി തിരികെ കൊണ്ടുവന്നു, ബുധ്‌നിയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.
അതുപോലെ, 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച സർബാനന്ദ സോനോവാൾ എംപിയും കേന്ദ്രമന്ത്രിയുമായി. എന്നാൽ രണ്ട് വർഷത്തിന് ശേഷം നടന്ന അസം തിരഞ്ഞെടുപ്പിൽ അദ്ദേഹം മജുലിയിൽ നിന്ന് വിജയിച്ച് മുഖ്യമന്ത്രിയായി.
എന്നാൽ, ഇവിടെ മധ്യപ്രദേശിൽ ഒന്നല്ല, മൂന്ന് കേന്ദ്രമന്ത്രിമാരാണ് മത്സരരംഗത്തുള്ളത്. മൂന്നുപേരും പാർട്ടിയും ജയിച്ചാലും ഒരാൾക്ക് മാത്രമേ മുഖ്യമന്ത്രിസ്ഥാനം ലഭിക്കൂ. മുഖ്യമന്ത്രി ആരെന്നത് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നതിന്റെ മൗനസൂചനയാണ് ഇതെന്നും ബിജെപി നേതാവ് പറഞ്ഞു.
മാറ്റത്തിന്റെ പ്രതീക്ഷ
“പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള ബി ജെ പിയെ കുറിച്ച് പ്രവചിക്കാവുന്ന ചുരുക്കം ചില കാര്യങ്ങളിൽ ഒന്ന്, എല്ലാ തിരഞ്ഞെടുപ്പുകളും ജയിച്ചാലും തോറ്റാലും കഴിയുന്നത്ര ശക്തമായി പോരാടും എന്നതാണ്. ഒരു തിരഞ്ഞെടുപ്പിനെയും നിസ്സാരമായി കാണില്ല.വൻ തോക്കുകളെ രംഗത്തിറക്കി മധ്യപ്രദേശിലെ ഭരണം നിലനിർത്താൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുന്നു എന്നതിന്റെ സൂചനയാണിത്. അവരെല്ലാവരും ആ സീറ്റുകളിൽ വിജയിക്കാനും സാധ്യതയുണ്ട്. ഇപ്പോൾ ചൗഹാനോട് മടുപ്പുള്ള വോട്ടർമാർക്ക് ഇത് ഒരു നല്ല സന്ദേശം നൽകും." പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഒരു ബി.ജെ.പി നേതാവ് പറഞ്ഞു,
മുഖ്യമന്ത്രി സ്ഥാനം ലഭിക്കാമെന്ന സൂചന നൽകുന്നത് ചില സാമൂഹിക വിഭാഗങ്ങളെ ആവേശം കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി ജെ പിയിലെ മറ്റൊരാൾ പറഞ്ഞു.
“ചമ്പൽ ഡിവിഷനിൽ നിന്നോ താക്കൂർ ജാതിയിൽ നിന്നോ ഉള്ള ആളുകൾ തോമറിന് അവസരമുണ്ടെന്ന് കരുതിയേക്കാം. കുലസ്‌തെയിൽ ഒരു ആദിവാസി മുഖ്യമന്ത്രിയെ സംസ്ഥാനത്തിന് ലഭിച്ചേക്കുമെന്ന് ആദിവാസി വോട്ടർമാർ മനസ്സിലാക്കും. ഒബിസി ലോധികൾ പട്ടേലിന്റെ സാധ്യതകൾ ആഗ്രഹിച്ചേക്കാം, അതേസമയം മാൾവ നിവാസികൾ (ബിജെപി ദേശീയ ജനറൽ സെക്രട്ടറി) കൈലാഷ് വിജയവർഗ്യയയിൽ പ്രതീക്ഷയർപ്പിക്കും. സാധ്യതമാത്രം കൽപ്പിക്കപ്പെടുന്നതിലേക്ക് നയിച്ച തീരുമാനത്തിൽ അദ്ദേഹം അത്ര സന്തുഷ്ടനല്ലെന്ന് തോന്നുന്നു," എന്നൊരു ബി ജെ പി ഭാരവാഹി പറഞ്ഞു. "പതിറ്റാണ്ടുകളായി ഒരേ ശൈലി പിന്തുടരുന്നതിനേക്കാൾ മുഖം മാറുമെന്ന പ്രതീക്ഷ പാർട്ടിക്ക് ഗുണപരമാകും," അദേഹം കൂട്ടിചേര്‍ത്ത്.
കുറച്ച് വർഷങ്ങളായി പരീക്ഷണങ്ങള്‍ മോദി ശൈലിയുടെ ഭാഗമാണെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. ഉദാഹരണത്തിന്, 2017-ലെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഒരു സിറ്റിങ് കൗൺസിലർക്ക് പോലും ബിജെപി സീറ്റ് നൽകിയില്ല; 2019-ൽ ഛത്തീസ്ഗഢിലെ 10 സിറ്റിങ് എംപിമാരെയും ഒഴിവാക്കി, കുറച്ച് മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ തൂത്തുവാരി; ഗുജറാത്തിൽ, 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് വിജയ് രൂപാനിയും അദ്ദേഹത്തിന്റെ മന്ത്രിസഭയും രാജിവച്ചു. 2021 വരെ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാനിയും അദ്ദേഹത്തിന്റെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
ഇത്തരം നീക്കങ്ങൾ, പാർട്ടിയുടെ വിജയസാധ്യത വർധിപ്പിക്കുന്നതിന് സഹായകമാകും. ഒരു കേന്ദ്രമന്ത്രിയെന്ന നിലയിൽ സീനിയോറിറ്റിയിലെത്തുമ്പോൾ നേതാക്കൾ വളരുന്നുവെന്ന പരമ്പരാഗത സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്നതാണ് ഈ നീക്കം. ഇത് കേന്ദ്രമന്ത്രിപദത്തിൽ നിന്നും പാർട്ടിയുടെ വിജയസാധ്യത നോക്കി ഒരാളെ എം എൽ എയാക്കുന്നതാണെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞു. അടുത്തിടെ ഭോപ്പാലിൽ നടത്തിയ പ്രസംഗത്തിൽ, പ്രധാനമന്ത്രി ശിവരാജ് സിങ് ചൗഹാനെയും വേദിയിലെ അഞ്ച് കേന്ദ്രമന്ത്രിമാരെയും തുല്യമായാണ് കണക്കാക്കിയത്. വേദിയിലുണ്ടായിരുന്ന ഒരാളെ പോലും വ്യക്തിപരമായി പേരെടുത്ത് പറയാതെ ഒന്നിച്ചാണ് അദ്ദേഹം അഭിസംബോധന ചെയ്തത്.
"2014ന് ശേഷം ഡൽഹിയിലും ബിഹാറിലും നടന്നതുപോലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി പ്രധാനമന്ത്രിയുടെ പേരിൽ വിജയിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടുവെന്ന് പൊളിറ്റിക്കൽ സയന്റെിസ്റ്റായ സജ്ജൻ കുമാർ പറഞ്ഞു. മോദി നേരിട്ടുള്ള മത്സരിക്കുമ്പോൾ (ലോക്‌സഭാ തിരഞ്ഞെടുപ്പിൽ) മാത്രമേ, അദ്ദേഹത്തിന്റെ മുഖം ഗുണം ചെയ്യുകയുള്ളൂവെന്നും അല്ലെങ്കിൽ അതുണ്ടാകില്ലെന്നും ക്രമേണ പാർട്ടിക്ക് മനസ്സിലായി, അതിനാൽ, പ്രചാരണത്തിൽ പ്രാദേശികമായി സ്വാധീനം ചെലുത്താൻ കഴിയുന്നവരെ കേന്ദ്രത്തിൽ നിന്നും സംസ്ഥാനങ്ങളിൽ മത്സരിക്കാൻ തിരിച്ചയക്കുകയാണ്." അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.