scorecardresearch
Latest News

സിന്ധ്യ ബിജെപിയിലേക്ക്; രാജ്യസഭാ സീറ്റ് നൽകിയേക്കും

രാജിക്കത്ത് നൽകിയ സിന്ധ്യയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടുണ്ട്

സിന്ധ്യ ബിജെപിയിലേക്ക്; രാജ്യസഭാ സീറ്റ് നൽകിയേക്കും

ഭോപ്പാൽ: കോൺഗ്രസിൽ നിന്നു രാജിവച്ച ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം. ഇന്ന് വെെകീട്ടോടെ സിന്ധ്യ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്. മധ്യപ്രദേശിൽ നിന്ന് സിന്ധ്യയെ രാജ്യസഭാ എംപിയാക്കാനാണ് ബിജെപിയിൽ ആലോചന. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സിന്ധ്യയുടെ രാജ്യസഭാ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ സിന്ധ്യയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തിട്ടുണ്ട്. സിന്ധ്യക്ക് പിന്തുണ നൽകുന്ന 22 എംഎൽഎമാർ കോൺഗ്രസിൽ നിന്നു രാജിവച്ചിട്ടുണ്ട്. ഇതോടെ കമൽനാഥ് സർക്കാർ മധ്യപ്രദേശിൽ പ്രതിരോധത്തിലാണ്.

രാജിക്കത്ത് നൽകിയ സിന്ധ്യയെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പാർട്ടിയിൽ നിന്നു പുറത്താക്കിയിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് സിന്ധ്യയെ പാർട്ടിയിൽ നിന്നു പുറത്താക്കിയത്. ഇന്ന് രാവിലെയാണ് ജ്യോതിരാദിത്യ സിന്ധ്യ സോണിയ ഗാന്ധിക്ക് രാജിക്കത്ത് കെെമാറിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി.നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് രാജിപ്രഖ്യാപനം. കോൺഗ്രസിൽ നിന്നുകൊണ്ട് തനിക്ക് സംസ്ഥാനത്തെ ജനങ്ങൾക്കായി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് സിന്ധ്യ രാജിക്കത്തിൽ പറയുന്നു.

Read Also: നടിയോ മോഡലോ അല്ല; പക്ഷേ ഈ സുന്ദരിയ്ക്ക് പിറകെ 18 ലക്ഷം ആരാധകർ

രാജ്യസഭ സീറ്റിനെ ചൊല്ലിയുളള തർക്കമാണ് മധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ഇടയാക്കിയത്. ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രണ്ടു രാജ്യസഭാ സീറ്റിൽ ഒന്ന് തനിക്കു നൽകണമെന്നും അല്ലെങ്കിൽ പാർട്ടി മധ്യപ്രദേശ് ഘടകത്തിന്റെ അധ്യക്ഷനാക്കണമെന്നുമാണ് സിന്ധ്യയുടെ ആവശ്യം. എന്നാൽ സിന്ധ്യയ്ക്ക് സീറ്റ് നൽകുന്നതിനോടു കോൺഗ്രസിനു യോജിപ്പില്ല. സീറ്റ് നൽകിയില്ലെങ്കിൽ തനിക്കൊപ്പമുളള എംഎൽഎമാർക്കൊപ്പം ബിജെപിയിൽ ചേർന്ന് കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാനാണ് സിന്ധ്യയുടെ നീക്കമെന്നാണു സൂചന.

സിന്ധ്യ പക്ഷക്കാരായ 6 മന്ത്രിമാരുൾപ്പെടെ 17 എംഎൽഎമാർ അജ്ഞാത കേന്ദ്രത്തിലാണ്. ഇവർ ബെംഗളൂരുവിലുണ്ടെന്നാണു സൂചന. തൊഴിൽ മന്ത്രി മഹേന്ദ്ര സിസോഡിയ, വനിതാ, ശിശു വികസന മന്ത്രി ഇമാർതി ദേവി, ഗതാഗത മന്ത്രി ഗോവിന്ദ് രജ്പുത്, ആരോഗ്യമന്ത്രി തുളസി സിലാവത്ത്, സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി പ്രഭുരം ചൗധരി, ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പ്രദ്യുമ്‌ന തോമർ എന്നിങ്ങനെ കോൺഗ്രസിലെ പ്രമുഖ നേതാക്കളാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമുള്ളത്.

ആകെ 230 സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. രണ്ട് എംഎൽഎമാരുടെ നിര്യാണത്തെ തുടർന്ന് രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നതിനാൽ ഇപ്പോൾ ആകെയുള്ള 228 പേരാണ്. ഇതിൽ കോൺഗ്രസ് സർക്കാരിനു 114 എംഎൽഎമാരുണ്ട്. നാല് സ്വതന്ത്രർ, രണ്ട് ബിഎസ്‌പി, ഒരു എസ്‌പി എംഎൽഎമാരുടെ അടക്കം 121 പേരുടെ പിന്തുണയാണ് കമൽനാഥ് സർക്കാരിനുള്ളത്. ബിജെപിക്ക് 116 എംഎൽഎമാരുടെ പിന്തുണയാണുള്ളത്. പത്ത് എംഎൽഎമാർ കൂറുമാറിയാൽ കോൺഗ്രസിനു അധികാരം നഷ്‌ടപ്പെടും. ബിജെപിക്ക് അധികാരത്തിലെത്താനും സാധിക്കും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Madhya pradesh political crisis scindia resigns from congress may get bjp rs ticket