ഭോപ്പാൽ: ആംബുലൻസിൽ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിൽ നാലു വയസ്സുകാരി ജീജയുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു. അസുഖബാധിതയായ മകളെയും കൊണ്ട് മാതാപിതാക്കൾ 30 കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധ്യപ്രദേശിലാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിയാത്തതിനെ തുടർന്ന് നാലു വയസ്സുകാരി ദാരുണമായി മരിച്ചത്.

കടുത്ത പനിയെത്തുടർന്നാണ് നാലു വയസ്സുകാരി ജീജയെ മാതാപിതാക്കളായ ഘൻശ്യാമും ദീനാഭായിയും സൈലാനിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് ട്രിപ് നൽകിയശേഷം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ നിർദ്ദേശിച്ചു. കുട്ടിയെ കൊണ്ടുപോകാൻ പിതാവ് ഘൻശ്യാം ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല.

ഒടുവിൽ കുട്ടിയെ സുഹൃത്തിന്റെ ബൈക്കിൽ 30 കിലോമീറ്റർ അകലെയുളള രത്‌ലാമിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സുഹൃത്താണ് ബൈക്ക് ഓടിച്ചത്. ഘനശ്യാമിന്റെ മടിയിലായിരുന്നു മകൾ. ട്രിപ്പും കൈയ്യിൽ പിടിച്ച് ഏറ്റവും പുറകിലായി അമ്മ ദീനാഭായിയും ഇരുന്നു. പക്ഷേ ആശുപത്രിയിലെത്തും മുൻപേ ജീജ മരിച്ചിരുന്നു.

സംഭവം വാർത്തയായതോടെ രത്‌ലാം കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒരു ആംബുലന്‍സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് തകരാറിലായതിനാലാണ് വിട്ടുനൽകാതിരുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ