ഭോപ്പാൽ: മധ്യപ്രദേശിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ആൾക്കൂട്ടം തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനവും കൊലപാതകവും. ഇതേ തുടർന്ന് മധ്യപ്രദേശിലെ സിൻഗ്രോലി പൊലീസ് 12 പേരെ അറസ്റ്റ് ചെയ്തു.

മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത് മൂലമുണ്ടായതെന്ന് തോന്നിപ്പിക്കുന്ന മുറിവുകളോടെയാണ് ഇവിടുത്തെ വനം വകുപ്പിന്റെ നഴ്‌സറിക്കകത്ത് മൃതദേഹം കണ്ടെത്തിയത്. 25 നും 30 നും ഇടയിൽ പ്രായമുളള യുവതിയാണ് കൊല്ലപ്പെട്ടത്.

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത യുവതിയാണ് ആക്രമിക്കപ്പെട്ടത്. തൊട്ടടുത്ത ഗ്രാമത്തിലായിരുന്നു ഇവർ കുറച്ച് നാൾ മുൻപ് വരെ കഴിഞ്ഞത്. ഇവിടെയുളളവർ ഈ സ്ത്രീക്ക് ഭക്ഷണവും വെളളവും നൽകിയിരുന്നു. എന്നാൽ വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ ഭോഷ് വില്ലേജിലെ ഒരു ജനക്കൂട്ടം ഇവർക്ക് പിന്നാലെ പോവുകയായിരുന്നു. കുട്ടികളെ കടത്താനെത്തിയ സ്ത്രീയെന്നാരോപിച്ചായിരുന്നു ഈ നീക്കം. ജീവഭയത്താൽ ഇവർ ഓടിയപ്പോൾ ഗ്രാമത്തിൽ കാട്ടുതീ പോലെ വാർത്ത പ്രചരിക്കുകയും കൂടുതൽ പേർ ഇവരെ തിരഞ്ഞ് രംഗത്ത് വരികയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

മഴു, വടി, ഇരുമ്പ് കമ്പി എന്നിവ ഉപയോഗിച്ച് ആൾക്കൂട്ടം ഇവിടെയടുത്തുളള സ്കൂളിന് സമീപത്ത് വരെ ആക്രമിച്ചു. ഓടിരക്ഷപ്പെട്ട ഇവരെ പിന്തുടർന്ന സംഘം ഫോറസ്റ്റ് നഴ്‌സറിക്ക് സമീപത്ത് വച്ച് ഇവരെ കൊലപ്പെടുത്തി. പ്രതികൾ കുറ്റം സമ്മതിച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇവരുടെ പക്കൽ നിന്നും മഴുവും വടികളും കണ്ടെത്തി.

വാട്‌സ്‌ആപ്പിലൂടെ ദിവസങ്ങളായി പ്രദേശത്ത് കുട്ടിക്കടത്ത് സംഘം ഉണ്ടെന്ന് വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ യാതൊരു സംഭവവും പ്രദേശത്ത് ഈയടുത്ത കാലത്തൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook