ന്യൂഡൽഹി: മന്‍സോറിലെ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി മൻസോറിൽ നിലനിന്നിരുന്ന നിരോധനാജ്ഞ നീക്കി. നേരത്തെ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാൽ മന്‍സോറിനും സമീപപ്രദേശത്തും രാഷ്ട്രീയനേതാക്കള്‍ പ്രവേശിക്കുന്നത് പൊലീസ് വിലക്കിയിരുന്നു.

കർഷക കടങ്ങൾ എഴുതിത്തളളണമെന്നും വിളകൾക്ക് ഉയർന്ന വില ലഭിക്കണം എന്നാവശ്യപ്പെട്ട് ജൂൺ ഒന്നു മുതൽ മൻസോറിൽ കർഷകർ സമരം നടത്തി വരികയാണ്. കർഷകരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിലാണ് പൊലീസ് വെടിയേറ്റ് ആറു കർഷകർ മരിച്ചത്. പൊലീസ് വെടിവയ്പിൽ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. കര്‍ഷകര്‍ക്കുനേരെ വെടിവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇതുവരെ എഫ്ഐആറും റജിസ്റ്റര്‍ ചെയ്തിട്ടില്ല.

അതിനിടെ, മധ്യപ്രദേശില്‍ 24 മണിക്കൂറിനിടെ മൂന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. ഹോഷങ്കബാദിലും, വിധിഷയിലും മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍റെ നാടായ സെഹോറിലുമാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്. കടക്കെണിയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook