ഇൻഡോർ: പീഡനക്കേസ് പ്രതിയോട് പരാതിക്കാരിക്കാരിയായ സ്ത്രീയെക്കൊണ്ട് രാഖി കെട്ടിപ്പിക്കാൻ ആവശ്യപ്പെട്ട് മദ്ധ്യപ്രദേശ് ഹൈക്കോടതി. 26കാരനായ പ്രതി വിക്രം ബാഗ്രിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇയാൾ പീഡിപ്പിച്ചതായി പരാതി നൽകിയ യുവതിക്ക് രക്ഷാ ബന്ധൻ ദിനത്തിൽ രാഖി കെട്ടിക്കൊടുക്കണമെന്ന് ജസിറ്റിസ് രോഗിത് ആര്യയുടെ സിംഗിൾ ബഞ്ച് നിർദേശിച്ചത്.

ജൂലൈ 30നാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ചയാണ് രക്ഷാ ബന്ധൻ. രാഖി കെട്ടുന്നതിനൊപ്പം ഈ ചടങ്ങിന്റെ ഭാഗമായി 11000 രൂപ പരാതിക്കാരിക്ക് പ്രതി നൽകണമെന്നും സിംഗിൾബഞ്ച് നിർദേശിച്ചു. വിവാഹിതനായ പ്രതി അയാളുടെ ഭാര്യയ്ക്കൊപ്പം പരാതിക്കാരിയെ സന്ദർശിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Read More: രാമക്ഷേത്ര ഭൂമിപൂജയിൽ നിന്നു ഒഴിവാക്കണമെന്ന് ഉമാ ഭാരതി; പ്രധാനമന്ത്രിയുടെ ആരോഗ്യത്തിൽ ആശങ്ക

“അപേക്ഷകൻ ഭാര്യയോടൊപ്പം ഓഗസ്റ്റ് 3 ന് രാവിലെ 11 ന് ഒരു പെട്ടി മധുരപലഹാരങ്ങളും രാഖിയുമായി പരാതിക്കാരിയുടെ വീട് സന്ദർശിക്കുകയും പരാതിക്കാരിയോട് രാഖി കെട്ടിത്തരാൻ അഭ്യർത്ഥിക്കുകയും ചെയ്യണം, ഇനി വരുന്ന എല്ലാ കാലത്തും തന്റെ കഴിവിന്റെ പരമാവധി അവളെ സംരക്ഷിക്കുമെന്ന വാഗ്ദാനത്തോടെയാണ് ഇത് ചെയ്യേണ്ടത്, ” ഉത്തരവിൽ പറയുന്നു.

“ആചാരത്തിനിറെ ഭാഗമായി സഹോദരന്മാർ സഹോദരിമാർക്ക് പണം നൽകുന്നത് പോലെ 11,000 രൂപ ബാഗ്രി സമർപിക്കണം, മാത്രമല്ല അവരുടെ അനുഗ്രഹം തേടുകയും ചെയ്യണം,” ഉത്തരവിൽ പറയുന്നു.

Read More: അമിത് ഷാ കാളകൂട വിഷം കഴിച്ച പരമേശ്വരൻ; രോഗശാന്തിക്കായി പ്രാർഥിച്ച് സന്ദീപ് വാര്യർ

ഏപ്രിൽ 20നാണ് കേസിനാസ്പദമായ സംഭവം. ഉജ്ജയിൻ സ്വദേശിനിയായ 30 കാരിയുടെ പരാതിയിൽ ഐപിസി വകുപ്പ് 354 (സ്ത്രീകളുടെ അന്തസ് തകർക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണവും കുറ്റകരമായ ബലപ്രയോഗവും) പ്രകാരമാണ് വിക്രം ബാഗ്രിക്കെതിരേ കേസെടുത്തിട്ടുള്ളത്. ഇയാൾ പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയതായി പരാതിയിൽ പറയുന്നു.

പരാതിക്കാരിയുടെ മകന് വസ്ത്രങ്ങളും മധുരപലഹാരങ്ങളും വാങ്ങാൻ 5,000 രൂപ പ്രതി നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ജാമ്യത്തിനായി പ്രതി കീഴ്‌ക്കോടതിയിൽ 50,000 രൂപയുടെ വ്യക്തിഗത ബോണ്ടുകളും തുല്യ ജാമ്യത്തുകയും കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Read More: Madhya Pradesh High Court asks man to get ‘rakhi’ tied by woman he had ‘molested’

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook