ഭോപ്പാൽ: സംസ്ഥാനത്തെ അഞ്ച് സന്യാസിമാർക്ക് മന്ത്രിപദവി നൽകാൻ മധ്യപ്രദേശിലെ ബിജെപി സർക്കാർ തീരുമാനിച്ചു. നർമ്മദ നദി ബോധവത്കരണ സമിതിയുടെ ഭാഗമായ അഞ്ച് സന്യാസിമാർക്കാണ് മന്ത്രിപദവി അനുവദിച്ചത്.

കംപ്യൂട്ടർ ബാബ, നർമ്മദാനന്ദ്, ഹരിഹരാനന്ദ്, ഭയ്യുജി മഹാരാജ്, യോഗേന്ദ്ര മഹേന്ദ്ര് എന്നിവരാണ് കാബിനറ്റ് റാങ്ക് ലഭിച്ച സന്യാസികൾ. മാർച്ച് 31 നാണ് നർമ്മദ നദീ സംരക്ഷണത്തിനുളള സമിതിയിൽ ഇവർ ഭാഗമായത്. ഇതിന് പിന്നാലെയാണ് പ്രത്യേക പദവി.

പ്രതിമാസം 7500 രൂപയും മറ്റു ആനുകൂല്യങ്ങളുമാണ് ഇതുവഴി സന്യാസിമാർക്ക് ലഭിക്കുക. നർമ്മദ പ്ലാന്റേഷൻ അഴിമതി വിവാദത്തിൽ സർക്കാരിനെതിരെ പ്രതിഷേധിച്ച സന്യാസിമാരാണ് കംപ്യൂട്ടർ ബാബയും യോഗേന്ദ്ര മഹേന്ദ്രും.

ഈ വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ വോട്ട് അനുകൂലമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് കോൺഗ്രസ് വിമർശിച്ചു. എന്നാൽ സന്യാസിമാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും വെറുക്കുന്നവരാണ് കോൺഗ്രസെന്നാണ് ബിജെപി പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ