ന്യൂഡല്‍ഹി: മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമല്‍നാഥ് ചുമതലയേല്‍ക്കും. കാത്തിരിപ്പിനും അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് ഇന്നലെ രാത്രിയോടെ വിവരം സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മില്‍ നടത്തിയ ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്.

അതേസമയം, രാജസ്ഥാനിലും ഛത്തീസ്ഗഡിലും ആരാകും മുഖ്യമന്ത്രി എന്നതില്‍ തീരുമാനമായില്ല. അന്തിമ തീരുമാനം ഇന്നുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശില്‍ കമല്‍നാഥും ജോതിരാദിത്യ സിന്ധ്യയും, രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും, അശോക് ഗെഹ്‌ലോട്ടും ആയിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട നേതാക്കള്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കമല്‍നാഥ് 9 തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറി. 109 സീറ്റുകളാണ് ബിജെപിക്ക് മധ്യപ്രദേശില്‍ ലഭിച്ചത്.

ഛത്തീസ്ഗഡിലെ മുഖ്യമന്ത്രി ആരാണെന്ന് നാളെ തീരുമാനമായേക്കും. എന്നാല്‍ രാജസ്ഥാനില്‍ ആരായിരിക്കും മുഖ്യമന്ത്രി എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണ്. സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിയും തമ്മില്‍ ചര്‍ച്ച നടന്നു കൊണ്ടിരിക്കുകയാണ്. നേരത്തെ അശോക് ഗെഹ്‌ലോട്ട് ആയിരിക്കും മുഖ്യമന്ത്രി എന്ന അഭ്യൂഹങ്ങള്‍ പുറപ്പെട്ടപ്പോള്‍ സച്ചിന്‍ പൈലറ്റിന്റെ അണികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേല്‍, ടി.എസ്.സിങ് ദിയോ, തംരദ്ധ്വാജ് സാഹു എന്നിവരുടെ പേരുകളാണ് ഉയരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ