ഭോപ്പാൽ: മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയായേക്കും. ഇന്ന് ചേര്‍ന്ന കോണ്‍ഗ്ര്‌സ നിയമസഭാ കക്ഷി യോഗത്തില്‍ കമല്‍നാഥിന് വ്യക്തമായ മേല്‍ക്കൈ നേടാനായെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ആരാകും മുഖ്യമന്ത്രി എന്നതില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയാകും എടുക്കുക.

തീരുമാനം രാഹുല്‍ ഗാന്ധിക്ക് വിട്ടതായി യോഗത്തില്‍ പങ്കെടുത്തവര്‍ ഒരേ സ്വരത്തില്‍ തീരുമാനത്തിലെത്തുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭാ ഓസ അറിയിച്ചു. ജ്യോതിരാദിത്യ സിന്ധ്യയടക്കം കമല്‍നാഥിന്റെ പേര് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഒമ്പത് മണിയോടെ രാഹുല്‍ ഗാന്ധി തന്നെ പ്രഖ്യാപനം നടത്തുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

നേരത്തെ കോൺഗ്രസ് നേതാക്കൾ ഗവർണറെ കണ്ടിരുന്നു. മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ കോൺഗ്രസ്സിനെ ക്ഷണിച്ചിരുന്നു. കോൺഗ്രസ് നേതാക്കളായ കമൽനാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിങ്, സുരേഷ് പച്ചൗരി എന്നിവർ ഒരുമിച്ചെത്തിയാണ് ഗവന്റണർ ആനന്ദിബെൻ പട്ടേലിനെ കണ്ടത്. ഇന്നലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് ഗവർണറെ കാണുന്നതിന് അനുവാദം തേടിയെങ്കിലും തിരഞ്ഞെടുപ്പ് ഫലം പൂർണമായും പുറത്തുവരട്ടെ എന്ന നിലപാടിലായിരുന്നു.

മധ്യപ്രദേശ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. 114 സീറ്റിൽ കോൺഗ്രസ് വിജയിച്ചപ്പോൾ ബിജെപി 109 സീറ്റിൽ വിജയിച്ചു.മായാവതിയുടെ ബിഎസ്‌പി കോൺഗ്രസ്സിന് പിന്തുണ അറിയിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റാണ്. എസ്‌പിയും നാലു സ്വതന്ത്രരും കോൺഗ്രസ്സിന് പിന്തുണ അറിയിച്ചതായാണ് വിവരം.

അതിനിടെ, മധ്യപ്രദേശിൽ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കില്ലെന്ന് ബിജെപി അറിയിച്ചു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഗവർണറെ കണ്ട് രാജിക്കത്ത് നൽകിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ന് രാവിലെയാണ് ഫലം പ്രഖ്യാപിച്ചത്. ബിഎസ്‌പിക്ക് രണ്ട് സീറ്റാണ് സംസ്ഥാനത്തുളളത്. എസ്‌പിക്ക് ഒരു സീറ്റും ഉണ്ട്. സംസ്ഥാനത്ത് ആകെ 230 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 116സീറ്റായിരുന്നു കേവല ഭൂരിപക്ഷത്തിന് വേണ്ടത്. വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ 15 ഓളം സീറ്റുകളിൽ ആയിരത്തിന് താഴെയാണ് ഭൂരിപക്ഷം. ഇതേ തുടർന്ന് വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെടുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ