ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം, ദൈനം ദിനം കൂപ്പുകുത്തുന്ന സാമ്പത്തിക പ്രതിസന്ധി, സമീപകാല തിരഞ്ഞെടുപ്പ് പരാജയങ്ങൾ. ഇതിനെല്ലാമിടയിൽ മധ്യപ്രദേശ് കോൺഗ്രസിൽ നിന്നുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ രാജി ബിജെപിയ്ക്ക് എറിയാൻ കിട്ടിയ വടിയാണ്. മധ്യപ്രദേശിൽ തിരിച്ച് അധികാരത്തിലെത്തുക എന്ന ബിജെപിയുടെ ലക്ഷ്യത്തിലേക്ക് സിന്ധ്യയുടെ രാജി വഴിവയ്ക്കുന്നു. 22 എംഎൽഎമാർക്കൊപ്പം സിന്ധ്യ രാജിവച്ചത് കമൽനാഥ് സർക്കാരിന്റെ അടിത്തറ ഇളക്കിയിരിക്കുകയാണ്.

2018 ഡിസംബറിൽ നേർത്ത ഭൂരിപക്ഷത്തോടെ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്നതുമുതൽ ചർച്ച ചെയ്യപ്പെട്ടിരുന്ന ഓപ്പറേഷൻ താമരയുടെ അവസാന ഘട്ടം, ചൊവ്വാഴ്ചയോടെ വളരെ ആസൂത്രിതമായും ഫലപ്രദമായും നടപ്പാക്കുന്നതിൽ മുൻ ബിജെപി അധ്യക്ഷനും നിലവിലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ വിജയം കണ്ടിരിക്കുന്നു എന്നതാണ് ബിജെപി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഈ വർഷം തുടക്കത്തിൽ അധ്യക്ഷ സ്ഥാനം ജെ.പി നദ്ദയ്ക്ക് കൈമാറിയ അമിത് ഷാ, സിന്ധ്യയുമായി ചർച്ചകൾ നടത്തിയിരുന്നു.

Read More: ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിൽ ചേർന്നു

ജാർഖണ്ഡ്, ഡൽഹി തിരഞ്ഞെടുപ്പുകളിലെ തിരിച്ചടികൾക്കും മഹാരാഷ്ട്രയിൽ അധികാരത്തിൽ നിന്ന് പുറത്താവുകയും ചെയ്തതിന് ശേഷം, ബിജെപിയുടെ മനോവീര്യം വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പുതിയ നീക്കത്തിൽ അമിത് ഷായ്ക്ക് തന്റെ വിശ്വസ്തരായ കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, നരേന്ദ്ര സിംഗ് തോമർ എന്നിവരിൽ നിന്നും സഹായം ലഭിച്ചു. അമിത് ഷാ അണിയറയിൽ ചരടുവലികൾ നടത്തിക്കൊണ്ടിരിക്കേ പ്രധാൻ നിർണായക ചർച്ചകൾ നടത്തി. കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാനുള്ള അടവുകൾ കണ്ടെത്താനുള്ള ചുമതല തോമറിന് ലഭിച്ചു.

തിങ്കളാഴ്ച ഈ നേതാക്കളുമായി നദ്ദയും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും നടത്തിയ കൂടിക്കാഴ്ചയാണ് മുന്നോട്ടുള്ള വഴിക്കുള്ള തന്ത്രങ്ങൾ ഊട്ടിയുറപ്പിച്ചത്.

തോമറും ചൗഹാനും മുഖ്യമന്ത്രി പദത്തിനായി അവകാശമുന്നയിക്കുന്നുണ്ട് എന്നാണ് വൃത്തങ്ങൾ പറയുന്നത്.

സിന്ധ്യയുടെ ബിജെപി പ്രവേശനം പാർട്ടിക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നു ബിജെപി വൃത്തങ്ങൾ പറയുന്നു.

കോൺഗ്രസിന് ഇപ്പോഴും ചില ശക്തമായ മണ്ഡലങ്ങളുള്ള ഗ്വാളിയോർ-ചമ്പൽ മേഖലയിൽ ബിജെപിയുടെ പിന്തുണാ കേന്ദ്രം ശക്തിപ്പെടുത്താൻ സിന്ധ്യയുടെ സ്വാധീനവും കുടുംബ പാരമ്പര്യവും സഹായിക്കും. കൂടാതെ 49 കാരനായ സിന്ധ്യയ്ക്ക് ബിജെപിയുടെ ഏറ്റവും പ്രമുഖ നേതാവായി ഉയർന്നുവരാനും തോമർ ഉൾപ്പെടെയുള്ള നേതാക്കളെ രണ്ടാം നിരയിലേക്ക് പിൻതള്ളാനും സാധിക്കും.

സിന്ധ്യയുടെ പിതാവിന്റെ സഹോദരിമാരായ മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും നിലവിലെ ബിജെപി ഉപാധ്യക്ഷ്യയുമായ വസുന്ധര രാജെ മധ്യപ്രദേശ് മുൻ മന്ത്രി യശോധര രാജെ എന്നിവരുമായി അദ്ദേഹം അത്ര നല്ല ബന്ധത്തിലല്ല. ഇരുവരേയും മാറ്റി നിർത്താൻ സിന്ധ്യയുടെ ബിജെപി പ്രവേശനം പാർട്ടി നേതൃത്വത്തെ സഹായിക്കുമെന്നും വൃത്തങ്ങൾ പറയുന്നു. ജനസംഘം കാലം മുതൽ പാർട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന ബിജെപിയുടെ സഹസ്ഥാപകനായ രാജ്മാത വിജയരാജെ സിന്ധ്യയെ പാർട്ടി നേതൃത്വം എല്ലായെപ്പോഴും ബഹുമാനിച്ചിരുന്നുവെന്നും നേതൃത്വത്തിന് ഈ കുടുംബത്തെ അവഗണിക്കാനോ മാറ്റി നിർത്താനോ കഴിയില്ലെന്ന് സംസ്ഥാനത്തെ ഒരു പാർട്ടി നേതാവ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook