ഭോപ്പാൽ: മധ്യപ്രദേശിലെ ബിജെപി മുഖ്യമന്ത്രി ശിവരാജ് സിങ്  ചൗഹാൻ തന്രെ സുരക്ഷാ ഉദ്യോഗസ്ഥനെ മർദ്ദിക്കുകയും പിടിച്ചുവലിക്കുകയും തളളുകയും ചെയ്തുവെന്നും ആരോപണം.  തദ്ദേശ തിരഞ്ഞെടുപ്പിന്രെ ഭാഗമായി റോഡ് ഷോ നടത്തുന്നതിനിടയിലാണ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ നടത്തിയ അക്രമം ക്യാമറക്കണ്ണിൽപ്പെട്ടത്.

ഈ സംഭവങ്ങളെ ചിത്രീകരിക്കുന്ന വീഡിയോ സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് വൈറലായത്. ധാർ ജില്ലയിലെ സർദാർനഗർ ടൗണിലാണ് സംഭവം നടന്നത്. അധികാരമത്ത് പിടിച്ച ചൗഹാനെതിരെ സർക്കാർ ഉദ്യോഗസ്ഥനെ ജോലിക്കിടയിൽ ആക്രമിച്ചതിന് കേസെടുക്കണമെന്ന് പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഈ വീഡിയോയോട് പ്രതികരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇതുവരെ തയ്യാറായിട്ടില്ല.

ജോലി ചെയ്യുന്നതിൽ നിന്നും സർക്കാർ ഉദ്യോഗസ്ഥനെ തടയുകയും മർദ്ദിക്കുകയും ചെയ്തതിന് ഐപിസി 353 പ്രകാരം മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അജയ് സിങ് ആവശ്യപ്പെട്ടു. “സുരക്ഷാ ഉദ്യോഗസ്ഥനെ പിന്നിൽ നിന്നും അടിക്കുക മാത്രമല്ല, പിടിച്ചുവലിക്കുകയും പൊതുജനമധ്യത്തിൽ അപമാനിക്കുകയുമാണ് ചെയ്തത്” അജയ് സിങ് ആരോപിച്ചു. “സുരക്ഷാ ഉദ്യോഗസ്ഥർ തടസ്സമാണെന്ന് തോന്നുന്നുണ്ടെങ്കിൽ സുരക്ഷ ഒഴിവാക്കുകയാണ് വേണ്ടത്. അല്ലാതെ തന്രെ ജോലി ചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥനെ അപമാനിക്കാൻ അവകാശമില്ല” പ്രതിപക്ഷ നേതാവ് പറഞ്ഞു.

എന്നാൽ ഈ സംഭവം തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് ബിജെപി വക്താവ് ഹിതേഷ് ബാജ്‌പൈ പറഞ്ഞു. വൻ ജനക്കൂട്ടമുണ്ടായിരുന്നയിടമായിരുന്നു പ്രദേശത്ത്. അവിടെ മുഖ്യമന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും മുറിവേറ്റ് കാലിൽ രണ്ട് തവണ ചവിട്ടി. അതിനാൽ സ്വയ രക്ഷയ്ക്കായി അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥനെ തളളിമാറ്റുകയായിരുന്നു. ഇതൊരു ബോധപൂർവ്വമല്ലാത്ത പ്രതികരണമായിരുന്നുവെന്നും ഹിതേഷ് പിടിഐയോട് അവകാശപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ