ന്യൂഡല്‍ഹി: 2018 മുതല്‍ സാമ്പത്തിക വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെയായി നിജപ്പെടുത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. നീതി ആയോഗിന്റെ മൂന്നാം ഭരണസമിതിയോഗത്തില്‍ ഇത് സംബന്ധിച്ച നിര്‍ദേശം പ്രധാനമന്ത്രി മുന്നോട്ട് വെച്ചിരുന്നു.

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം ഡിസംബറില്‍ തന്നെ നടത്താനും മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ തീരുമാനമായി.
ജനുവരി മുതല്‍ ഡിസംബര്‍ വരെ സാമ്പത്തിക വര്‍ഷമായി പരിഗണിക്കണമെന്ന് സംസ്ഥാനങ്ങളോട് കഴിഞ്ഞ ആഴ്ച്ചയാണ് മോദി ശുപാര്‍ശ ചെയ്തത്. ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി ഇന്ത്യന്‍ സമ്പദ്ഘടന വളര്‍ച്ചയെ മുന്നില്‍കണ്ടുകൊണ്ടാണ് ഈ തീരുമാനം. നിലവില്‍ ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണ് സാമ്പത്തിക വര്‍ഷം.

ഇന്ത്യയുടെ കാര്‍ഷിക വരുമാനം പ്രതിസന്ധിഘട്ടത്തിലെത്തി നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ സാമ്ബത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ പുതിയ ബഡ്ജറ്റ് തയ്യാറാക്കുമെന്നും നേരത്തേ മോദി വ്യക്തമാക്കിയിരുന്നു. സാമ്പത്തിക വര്‍ഷം ഇപ്രകാരം മാറ്റുമ്പോള്‍ നിലവിലെ നികുതി അടക്കമുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരും. എന്നാല്‍ ദീര്‍ഘകാല ഗുണം പ്രതീക്ഷിച്ചാണ് മധ്യപ്രദേശ് പ്രധാനമന്ത്രിയുടെ ശുപാര്‍ശയ്ക്ക് പച്ചക്കൊടി കാട്ടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ