ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായ്ക് ഗോഡ്സെയുടെ പേരില്‍ ആരംഭിച്ച ലൈബ്രറി അടച്ചുപൂട്ടി. ഹിന്ദു മഹാസഭയുടെ ഓഫീസില്‍ രണ്ട് ദിവസം മുന്‍പ് ആരംഭിച്ച ലൈബ്രറിയാണ് ജില്ലാ ഭരണകൂടം അടപ്പിച്ചത്.
ഗോഡ്സെ ജ്ഞാൻശാലയ്ക്കെതിരെ നിരവധി പരാതികളും വിമർശനാത്മക സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് ക്രമസമാധാനം ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റ് സെക്ഷൻ 144 ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചതെന്ന് ഗ്വാളിയർ സൂപ്രണ്ട് അമിത് സംഘി പറഞ്ഞു.
“ഹിന്ദു മഹാസഭാംഗങ്ങളുമായി ഒരു കൂടിക്കാഴ്ച നടത്തി, ജ്ഞാൻശാല അടച്ചുപൂട്ടി. എല്ലാ പുസ്തകങ്ങളും പോസ്റ്ററുകളും ബാനറുകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തു,” സംഘി പറഞ്ഞു.
ഗോഡ്സെയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും കുറിച്ചുള്ള പുസ്തകങ്ങൾക്ക് പുറമെ, ഗോഡ്സെയുടെ യാത്രയെക്കുറിച്ചും വിഭജനം തടയുന്നതിൽ മഹാത്മാഗാന്ധിയുടെ “പരാജയത്തെക്കുറിച്ചും” പ്രഭാഷണങ്ങൾ നടത്തുക എന്നതായിരുന്നു ലൈബ്രറിയുടെ ഉദ്ദേശം. ഗുരു ഗോവിന്ദ് സിങ്, മഹാറാണ പ്രതാപ്, ലാലാ ലജ്പത് റായ്, ഹെഡ്ഗേവാര്‍, മദന്‍ മോഹന്‍ മാളവ്യ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ചിത്രങ്ങളും വായനശാലയിലുണ്ട്. നാരായണ്‍ ആപ്തെയുടെ ചിത്രവും ഗോഡ്സെയ്ക്കൊപ്പം ഉള്‍പ്പെടുത്തിയിരുന്നു.
Read More: ‘അദ്ദേഹം യഥാർഥ ദേശസ്നേഹി’; ഗോഡ്സെയുടെ പേരില്‍ ലൈബ്രറി തുടങ്ങി ഹിന്ദു മഹാസഭ
“ഞങ്ങളുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചേരാൻ ഞങ്ങൾ ആഗ്രഹിക്കുന്നതിനാലാണ് ഇത് ചെയ്തത്. ക്രമസമാധാനം ഇല്ലാതാക്കുന്ന അവസ്ഥ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, അതിനാൽ ലൈബ്രറി അടച്ചു,” ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്റ് ജൈവീർ ഭരദ്വാജ് ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
ജനുവരി 10-നാണ് ഗാഡ്സെയുടെ പേരില്‍ ഹിന്ദു മഹാസഭ ലൈബ്രറി തുടങ്ങിയത്. ഗാന്ധി വധത്തിലേക്ക് ഗോഡ്സെയെ ‘നയിച്ച’ കാരണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ഉള്‍പ്പെട്ട കൃതികളാണ് ലൈബ്രറിയിലുള്ളത്. ഗോഡ്സെയെ രാജ്യസ്നേഹിയായാണ് ചിത്രീകരിച്ചിട്ടുള്ളത്.
“ഗോഡ്സെയായിരുന്നു യഥാര്‍ത്ഥ രാജ്യസ്നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി നിര്‍മ്മിച്ചത്. ഗോഡ്സെ നിലകൊണ്ടതും മരിച്ചതും ഇന്ത്യാ വിഭജനത്തിനെതിരായി നിന്നത് കൊണ്ടാണ്,” ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു.
രാജ്യം ഭരിക്കാനുള്ള ആഗ്രഹം നിറവേറ്റാന്‍ വേണ്ടി ജവഹര്‍ലാല്‍ നെഹ്റുവിന്റേയും മുഹമ്മദലി ജിന്നയുടേയും ആവശ്യപ്രകാരമാണ് ഇന്ത്യാ വിഭജനമുണ്ടായതെന്നും ഭരദ്വാജ് പറഞ്ഞു.
വായനശാലയില്‍ പുസ്തകങ്ങളുടെ അനാവരണം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23ന് നടത്തുമെന്ന് ഹിന്ദു മഹാസഭ അറിയിച്ചിരുന്നു.
ഗാന്ധിയെ വധിക്കാൻ ഗോഡ്സെ ആസൂത്രണം ചെയ്തതും അതിനായി തോക്കുവാങ്ങിച്ചതും ഗ്വാളിയാറിൽ വച്ചായിരുന്നു. മുമ്പ്, ഗോഡ്സെയ്ക്കായി സമർപ്പിച്ച ഒരു ക്ഷേത്രം മഹാസഭ ഗ്വാളിയർ ഓഫീസിൽ സ്ഥാപിച്ചിരുന്നു. കോൺഗ്രസിന്റെ പ്രതിഷേധത്തെ തുടർന്നാണ് ഇത് നീക്കം ചെയ്തത്.